നിഹാരിക സിങ്ങിന്റെ ലൈംഗികാരോപണങ്ങള്‍ തള്ളി സിദ്ദീഖിയെ പിന്തുണച്ച് നടി കുബ്ര സെയ്ട്ട്

single-img
12 November 2018

മുന്‍ മിസ് ഇന്ത്യയും നടിയുമായ നിഹാരിക സിങ്ങുമായി ഉണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ചു നടന്‍ നവാസുദ്ദീന്‍ സിദ്ദീഖിയുടെ തുറന്നു പറച്ചില്‍ വന്‍ വിവാദമാണ് ഉണ്ടാക്കിയത്. അവള്‍ എന്നെ സ്‌നേഹിച്ചു, എന്നാല്‍ അവരുമായി ശാരീരിക ബന്ധം മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും സിദ്ദിഖി തന്റെ ആത്മകഥയില്‍ പറഞ്ഞിരുന്നു.

ഇതിനെതിരെ കഴിഞ്ഞ ദിവസം നിഹാരിക രംഗത്തുവരികയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകയായ സന്ധ്യ മേനോനാണ് ട്വീറ്റ് പരമ്പരയിലൂടെ നടി നിഹാരിക സിങ്ങിന്റെ വെളിപ്പെടുത്തലുകള്‍ പുറംലോകത്ത് എത്തിച്ചത്. നവാസുദ്ദീന്‍ സിദ്ദിഖി, സാജിദ് ഖാന്‍, ടി സീരിസ് മേധാവി ഭൂഷന്‍ കുമാര്‍ തുടങ്ങിയവരില്‍ നിന്നുളള മോശപ്പെട്ട അനുഭവങ്ങളാണ് നിഹാരിക തുറന്നു പറഞ്ഞത്.

പക്ഷേ നിഹാരികയുടെ ആരോപണങ്ങളോട് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ നവാസുദ്ദീന്‍ സിദ്ദിഖിയെ പിന്തുണച്ച് സഹനടി കുബ്ര സെയ്ട്ട് രംഗത്തെത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സിലെ സേക്രഡ് ഗെയിംസ് പരമ്പരയില്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പം അഭിനയിക്കുന്ന താരമാണ് കുബ്ര സെയ്ട്ട്.

ഒരു ബന്ധം നല്ല നിലയിലല്ല മുന്നോട്ടു പോയതെങ്കില്‍ അതിനെ മീടു അക്കൗണ്ടില്‍ ഉള്‍പ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്ന് നടി കുബ്ര സെയ്ത് പറഞ്ഞു. നിഹരികക്ക് സിനിമാ ലോകത്ത് നിന്ന് അതിക്രമങ്ങള്‍ നേരിടേണ്ടി വന്നുവെന്ന കാര്യം കുബ്ര സെയ്ത് നിഷേധിക്കുന്നില്ല.

എന്നാല്‍ പരാജയപ്പെട്ട ഒരു ബന്ധം മീടുവുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് അവര്‍ വ്യക്തമാക്കി. ആരുടെയെങ്കിലും പക്ഷം പിടിക്കുന്നതിനു മുമ്പ് വ്യത്യാസങ്ങള്‍ മനസിലാക്കണം. താന്‍ നവാസുദ്ദീന്‍ സിദ്ദീഖിക്ക് ഒപ്പമാണെന്നും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കി.

നിഹാരികയുടെ പഴയ ട്വീറ്റ് ഇങ്ങനെ:

നവാസുദ്ദിന്‍ സിദ്ദീഖിയുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ താരം അവകാശപ്പെടുന്നതു പോലെ അതൊന്നും കിടപ്പറയില്‍ എത്തുന്ന ബന്ധമായിരുന്നില്ല. സിദ്ദിഖി ബലപ്രയോഗത്തിലൂടെയാണ് എന്നെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചത്. അയാള്‍ ചതിയനാണെന്ന് മനസിലാക്കിയതോടെ ആ ബന്ധം ഞാനായിട്ട് തന്നെ ഉപേക്ഷിക്കുകയായിരുന്നു. 2009 ല്‍ മിസ് ലവ്‌ലി എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സിനിമാലോകത്ത് വരുന്നത്. അന്ന് മുതലാണ് നവാസുദ്ദിനെ പരിചയപ്പെടുന്നത്. നൊവാസ് എന്ന് വിളിച്ചാല്‍ മതിയെന്ന് അയാള്‍ പറഞ്ഞു. എന്റെ വീടിന് അടുത്തുണ്ടെന്ന് കാണിച്ച് എനിക്ക് അയാള്‍ സന്ദേശമയച്ചിരുന്നു. തുടര്‍ന്ന് പ്രഭാത ഭക്ഷണത്തിനു ക്ഷണിച്ചു. ഞാന്‍ വാതില്‍ തുറന്നതോടെ എന്നെ കയറിപ്പിടിക്കാനും ലൈംഗികമായി ആക്രമിക്കാനുമാണ് അയാള്‍ ശ്രമിച്ചത്.

നിരവധി സ്ത്രീകളുമായി ഒരേ കാലയളവില്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നയാളായിരുന്നു നവാസുദ്ദിന്‍. ഓരോ സ്ത്രീകളെ വശീകരിക്കാന്‍ അയാള്‍ ഓരോ കഥകളുണ്ടാക്കി. ലൈംഗികമായി അവരെ ഉപയോഗിക്കുകയാണ് ലക്ഷ്യം. ഹാല്‍ദാനിയില്‍ അയാള്‍ക്ക് വേറെ ഭാര്യയുണ്ടായിരുന്നു. സ്ത്രീധനത്തിന്റെ പേരിലാണ് അവരെ ഉപേക്ഷിച്ചത്.

അവരെ ഉപേക്ഷിച്ച് രണ്ടാമതും വിവാഹം ചെയ്തതെന്നും ഇപ്പോഴത്തെ ഭാര്യയുമായി വേര്‍പിരിഞ്ഞാണു താമസിക്കുന്നതെന്നും അയാള്‍ സമ്മതിച്ചു. ഒരു മിസ് ഇന്ത്യയെ ഭാര്യയായി ലഭിക്കാന്‍ കൊതിക്കുന്നുവെന്ന് അയാള്‍ പറഞ്ഞു. എന്നോട് ക്ഷമ പറഞ്ഞ് അയാള്‍ കുഞ്ഞുങ്ങളെ പോലെ കരഞ്ഞു.

ഞാന്‍ ചിരിക്കുകയായിരുന്നു. ബുദ്ധദേബ് ദാസ് ഗുപ്തയുടെ സിനിമയില്‍ അയാള്‍ എനിക്കൊരു റോള്‍ വാഗ്ദാനം തന്നു. അതിനു പ്രതിഫലമായി ഞാന്‍ അയാള്‍ക്കൊപ്പം കിടക്ക പങ്കിടണമെന്നായിരുന്നു അയാളുടെ ആവശ്യം. മിസ് ലവ്‌ലിയുടെ പ്രചാരണ വേളയിലും അയാള്‍ എന്നെ കടന്നു പിടിച്ചു.

ബുദ്ധദേബിന്റെ സിനിമയുടെ റിലീസ് നീണ്ടതോടെ നവാസ് എന്നെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. പുസ്തകത്തില്‍ പറഞ്ഞതെല്ലാം കളവാണ്. എന്റെ സമ്മതം കൂടാതെയാണ് അയാള്‍ അതെല്ലാം എഴുതി പ്രചരിപ്പിച്ചത്. പുസ്തകത്തിനെതിരെ നിയമനടപടി എടുക്കാതെ ഒത്തുതീര്‍പ്പിനെത്താനായിരുന്നു അഭിഭാഷകര്‍ എന്നെ ഉപദേശിച്ചത്. >

നവാസുദ്ദീന്‍ സിദ്ദിഖി അങ്ങേയറ്റം ജാതിചിന്തയുള്ള ആളായിരുന്നു. വിവാദമുണ്ടായപ്പോള്‍ ഭാര്യയുടെ ബ്രാഹ്മണ സത്വം സംരക്ഷിക്കുന്ന ആളായിരുന്നു. മറുവശത്ത് എന്നെ മര്യാദയില്ലാത്തവളും അയാള്‍ക്ക് ലൈംഗികമായി ഉപയോഗിക്കാവുന്ന കാമാതുരയുമായി ചിത്രീകരിക്കുകയും ചെയ്തു. അധികാരരാഷ്ട്രീയത്തില്‍ വരുന്ന മാറ്റങ്ങളും അതിനനുസരിച്ച് ആഖ്യാനങ്ങളിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ഇതൊക്കെ കാണുന്നത്– നിഹാരിക പറഞ്ഞു.