ആലപ്പുഴയില്‍ തെങ്ങിന് മിന്നലേറ്റ് കത്തി; വീട്ടുടമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

single-img
12 November 2018

ഹരിപ്പാട് ആറാട്ടുപുഴ പതിനേഴാം വാര്‍ഡില്‍ ചാപ്രയില്‍ കിഴക്കതില്‍ മുജീബിന്റെ വീട്ടു മുറ്റത്ത് നിന്ന തെങ്ങിനാണ് കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ മിന്നല്‍ ഏറ്റത്. വൈകീട്ട് 4 മണിക്കായിരുന്നു സംഭവം. മിന്നലിന്റെ ആഘാതത്തില്‍ തെങ്ങിന്റെ മുകള്‍ ഭാഗം കത്തുകയും മുഴുവനുമായും പൊട്ടിക്കീറുകയും ചെയ്തു.

കത്തിയ തെങ്ങിന്റെ തലഭാഗം ചാര നിറത്തില്‍ ഗോളാകൃതിയില്‍ താഴോട്ട് പതിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൊട്ടിപൊളിഞ്ഞ തെങ്ങിന്റെ അവശിഷ്ടം മുജീബിന്റെ ഇടത് തോളില്‍ വന്നു വീണു. മുജീബ് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. മുജീബിന്റെ ഭാര്യ സീനയുടെ കണ്ണിലും ചെറിയ പരിക്കേറ്റു.