സ്‌ട്രോബറി പഴങ്ങളില്‍നിന്നു വ്യാപകമായി തയ്യല്‍സൂചികള്‍ കണ്ടെടുത്ത സംഭവം: 50 കാരി അറസ്റ്റില്‍

single-img
11 November 2018

കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മൂന്ന് മാസക്കാലത്തോളം ഓസ്‌ട്രേലിയയില്‍ നിലനിന്നിരുന്ന സൂചിപ്പേടിക്ക് വിരാമമായി. സ്‌ട്രോബറി പഴങ്ങളില്‍നിന്നു വ്യാപകമായി തയ്യല്‍സൂചികള്‍ കണ്ടെടുത്ത സംഭവത്തില്‍ 50 കാരിയെ അറസ്റ്റ് ചെയ്തു. സമഗ്രമായ അന്വേഷണത്തിനൊടുവിലാണു പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

അറസ്റ്റിലായ സ്ത്രീയെ തിങ്കളാഴ്ച ബ്രിസ്‌ബേനിലെ കോടതിയില്‍ ഹാജരാക്കും. പ്രതി ഇത്തരം കുറ്റകൃത്യത്തിനു മുതിരാനുള്ള കാരണമെന്തെന്നോ എന്തൊക്കെ കുറ്റങ്ങളാണു പ്രതിക്കുമേല്‍ ചുമത്തുകയെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബറില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്ന് വില്‍പന നടത്തിയ സ്‌ട്രോബറി പഴങ്ങള്‍ക്കുള്ളിലാണ് തയ്യല്‍ സൂചികള്‍ കണ്ടെത്തിയത്.

സ്‌ട്രോബറി പഴം കഴിച്ച ഒരാളെ വയറു വേദന മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. സ്‌ട്രോബറിയുള്‍പ്പെടെയുള്ള പഴങ്ങള്‍ക്കുള്ളില്‍നിന്ന് സൂചി കണ്ടെത്തിയ സംഭവങ്ങള്‍ ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങള്‍ ഭീതിയിലായിരുന്നു.

ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് സ്‌ട്രോബറി വില്‍പ്പന പൂര്‍ണമായും നിര്‍ത്തിവച്ചു. സംഭവം അന്വേഷിക്കാന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ്, ഇന്റലിജന്‍സ് വിഭാഗങ്ങളെ ഉള്‍പ്പെടെ ഏകോപിപ്പിച്ചു ദേശവ്യാപകമായ അന്വേഷണമാണു നടത്തിയത്.

സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തുന്നവര്‍ക്ക് ക്വീന്‍സ്‌ലന്‍ഡ് അധികൃതര്‍ വന്‍തുകയാണു പ്രതിഫലമായി പ്രഖ്യാപിച്ചിരുന്നത്. കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷയുള്‍പ്പെടെ നല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരും അറിയിച്ചിരുന്നു. സൂചി ഭീഷണി ഉയര്‍ന്നതോടെ രാജ്യത്ത് സ്‌ട്രോബറി പഴങ്ങളുടെ വില്‍പന കുത്തനെ താഴ്ന്നിരുന്നു.

കര്‍ഷകര്‍ ടണ്‍കണക്കിനു പഴങ്ങളാണ് വെറുതെ കളഞ്ഞത്. സര്‍ക്കാര്‍–പ്രതിപക്ഷ വാക്‌പോരിനു പോലും സംഭവം കാരണമായി. സ്‌ട്രോബറി പഴങ്ങള്‍ക്കു കുഴപ്പമില്ലെന്നു തെളിയിക്കാന്‍ പ്രത്യേക ക്യാംപെയ്‌നുകളും നടന്നു. സ്‌ട്രോബെറിക്ക് പുറമെ ആപ്പിള്‍, മാമ്പഴം തുടങ്ങിയ പഴവര്‍ഗ്ഗങ്ങളില്‍ നിന്നും തയ്യല്‍ സൂചികള്‍ കണ്ടെത്തിയിരുന്നു. ന്യുസീലന്‍ഡിലും സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.