ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തന്ത്രി തന്നെ വിളിച്ചുവെന്ന് സമ്മതിച്ച് ശ്രീധരന്‍ പിള്ള; ഇന്നലെ പറഞ്ഞത് തന്ത്രി വിളിച്ചിട്ടില്ലെന്ന്: പിള്ളയുടെ മലക്കംമറിച്ചിലില്‍ ബിജെപിയും വെട്ടില്‍

single-img
11 November 2018

ശബരിമല വിവാദത്തില്‍ സ്വന്തം പ്രസ്താവന വിഴുങ്ങിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് തിരിച്ചടിയായി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി. ശബരിമല നട അടക്കുന്ന വിഷയത്തില്‍ തന്ത്രിയുമായി സംസാരിച്ചെന്ന് ശ്രീധരന്‍ പിള്ള ഹര്‍ജിയില്‍ പറയുന്നുണ്ട്. ഹര്‍ജിക്കൊപ്പം ശ്രീധരന്‍ പിള്ള ഹൈക്കോടതിയില്‍ കോഴിക്കോട് നടത്തിയ പ്രസംഗത്തിന്റെ കൈയെഴുത്തുപ്രതിയും സി.ഡിയും ഹാജരാക്കിയിട്ടുണ്ട്.

തന്ത്രി സമൂഹത്തിന് ബി.ജെ.പിയില്‍ കൂടുതല്‍ വിശ്വാസമുണ്ടെന്നും അതുകൊണ്ടാണ് തന്ത്രി തന്നെ വിളിച്ചതെന്നും ഹര്‍ജിയില്‍ ശ്രീധരന്‍പിള്ള പറയുന്നു. തന്ത്രിയുമായി ഫോണില്‍ സംസാരിച്ച എല്ലാ വിവരങ്ങളും ഹര്‍ജിയില്‍ വിവരിച്ചിട്ടുണ്ട്. ശ്രീധരന്‍പിള്ളയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.

നേരത്തെ, കോഴിക്കോട് നടത്തിയ പ്രസംഗത്തില്‍ തന്ത്രി തന്നെ വിളിച്ചുവെന്ന് പറഞ്ഞത് വിവാദമായിരുന്നു. ഇതോടെ ശനിയാഴ്ച ഈ നിലപാടില്‍ നിന്ന് അദ്ദേഹം മലക്കം മറിയുകയായിരുന്നു. അതിനിടെയാണ് ഹൈക്കോടതിയില്‍ പ്രസംഗത്തിന്റെ സി.ഡി.ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്.

ശബരിമല വിഷയത്തില്‍ ഉപദേശം തേടി തന്ത്രി തന്നെ വിളിച്ചില്ലെന്നും തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നുമാണ് ശനിയാഴ്ച അദ്ദേഹം തിരുത്തിപ്പറഞ്ഞത്. പ്രസംഗം സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ശിക്ഷാ നിയമം 505(1)ബി പ്രകാരം കോഴിക്കോട് കസബ പോലീസ് കേസെടുത്തിരുന്നു.

ഇതിനെതിരെ തനിക്കെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കുന്നതല്ലെന്ന് സമര്‍ത്ഥിക്കാനാണ് അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍ പിള്ള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം പ്രസംഗത്തിന്റെ കൈയെഴുത്തുപ്രതിയും സി.ഡിയും ഹാജരാക്കിയത്.