‘തന്നെ കരുവാക്കിക്കൊണ്ടു മന്ത്രിയെ അക്രമിക്കാന്‍ അനുവദിക്കില്ല’; ജി സുധാകരന്റെ ഭാര്യ കേരള സര്‍വകലാശാലയിലെ പദവി രാജിവച്ചു

single-img
11 November 2018

മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ പദവി രാജിവച്ചു. സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടറായിരുന്നു ജൂബിലി. തന്നേയും സുധാകരനേയും അപമാനിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. സത്യസന്ധരായവരുടെ പിറകേ പോകുന്നതിനു പകരം കളങ്കമുള്ളവരെ കണ്ടെത്താനാണു മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

സുധാകരന്റെ സല്‍പ്പേരിന് കളങ്കമേല്‍പ്പിക്കാന്‍ ചിലര്‍ നീക്കം നടത്തുന്നുവെന്നും അവര്‍ പറഞ്ഞു. അദ്ദേഹം കണ്ണിലെ കൃഷ്ണമണിപ്പോലെ സൂക്ഷിക്കുന്നതാണ് സല്‍പ്പേര്. അത് നശിപ്പിക്കാന്‍ ആരേയും അനുവദിക്കില്ല. തന്റെ പദവി സ്ഥിരപ്പെടുത്താനോ ശബളം വര്‍ധിപ്പിക്കാനോ തീരുമാനിച്ചിട്ടില്ലായിരുന്നുവെന്നും നവപ്രഭ പറഞ്ഞു.

നവപ്രഭയെ ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്‍ഡ് എഡ്യൂക്കേഷന്‍ ഡയറക്ടറായാണ് നിയമിച്ചത്. ഇതിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവര്‍ക്കുവേണ്ടി യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു.