‘കേദാര്‍നാഥ്’ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു; ചിത്രം നിരോധിക്കണമെന്ന് ബി.ജെ.പി

single-img
11 November 2018

റിലീസിനൊരുങ്ങുന്ന ബോളിവുഡ് ചിത്രം കേദാര്‍നാഥിനെതിരേ പ്രതിഷേധവുമായി ബിജെപി. ചിത്രം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്നും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നെന്നും ആരോപിച്ചാണ് മുതിര്‍ന്ന ബിജെപി നേതാവ് അജേന്ദ്ര സിംഗ് ചിത്രത്തിനെതിരേ രംഗത്തെത്തിയത്.

ബിജെപി മീഡിയ റിലേഷന്‍സ് ടീം അംഗമായ അജേന്ദ്ര സിംഗ് ഇക്കാര്യം ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷിക്കു കത്തയച്ചു. സിനിമയുടെ പോസ്റ്ററിലെ ലൗ ഈസ് പില്‍ഗ്രിമേജ് എന്ന ടാഗ് ലൈന്‍ ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതും കളിയാക്കുന്നതുമാണെന്നും അതിനാല്‍ ചിത്രം നിര്‍ബന്ധമായും നിരോധിക്കണമെന്നും അജേന്ദ്ര ജയ് ആവശ്യപ്പട്ടു.

2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ പ്രളയം പശ്ചാത്തലമാക്കിയാണ് അഭിഷേക് കപൂര്‍ കേദാര്‍നാഥ് തയ്യാറാക്കിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ തീര്‍ഥാടനത്തിന് വന്ന ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുമത വിശ്വാസിയായി സാറാ അലി ഖാനും മുസ്‌ലിം ചുമട്ടുതൊഴിലാളിയായി സുഷാന്തും ചിത്രത്തില്‍ വേഷമിടുന്നു. ഇവര്‍ തമ്മിലുള്ള പ്രണയമാണ് സിനിമ.

ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്ന ചിത്രം നിരോധിക്കണമെന്നും ഇല്ലെങ്കില്‍ പ്രേക്ഷാഭമുണ്ടാക്കുമെന്നും കേദാര്‍നാഥിലെ സന്യാസിമാരുടെ സംഘടനയായ കേദാര്‍ സഭ ചെയര്‍മാന്‍ വിനോദ് ശുക്ല നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. അതേസമയം ടീസര്‍ പുറത്തുവന്നതിന് പിന്നാലെ രുദ്രപ്രയാഗ് ജില്ലയില്‍ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.