ഗര്‍ഭിണിയാണെന്ന സംശയത്തെ തുടര്‍ന്ന് 17 കാരന്‍ കാമുകിയെ കൊന്ന് കത്തിച്ചു

single-img
11 November 2018

16 കാരിയെ കൊന്ന കേസില്‍ കാമുകനായ 17കാരന്‍ അറസ്റ്റില്‍. വിശാഖപട്ടണത്താണ് സംഭവം. കാമുകി ഗര്‍ഭിണിയാണെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം ചെയ്തതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. നവംബര്‍ 7ാം തിയതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ പെണ്‍കുട്ടി തിരികെ എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ള തെരുവിലാണ് പ്രതികള്‍ മൂന്നുപേരും താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി ഇതില്‍ ഒരു ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണയത്തിലാണ്. രണ്ടാഴ്ച്ച മുമ്പ് പെണ്‍കുട്ടി താന്‍ ഗര്‍ഭിയാണെന്ന് സംശയിക്കുന്നതായി കാമുകനോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ചില ഗുളികകള്‍ ഇയാള്‍ പെണ്‍കുട്ടിയ്ക്ക് നല്‍കിയെങ്കിലും കഴിക്കാന്‍ തയ്യാറായില്ല.

സംഭവം വീട്ടുകാര്‍ അറിഞ്ഞാലുള്ള ഭവിഷ്യത്തുകളെ പറ്റി ചിന്തിച്ച 17 കാരന്‍ പെണ്‍കുട്ടിയെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. നവംബര്‍ 7 ന് കളിസ്ഥലത്ത് എത്തിയ പെണ്‍കുട്ടിയെ ഇരുമ്പ് വടി ഉപയോഗിച്ച് മര്‍ദിച്ച ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ കഴുത്തു ഞെരിച്ചുകൊല്ലുകയായിരുന്നു. തിരിച്ചറിയാതിരിക്കാനായി പെട്രോള്‍ ഒഴിച്ച് മൃതദേഹം കത്തിച്ചു. എന്നാല്‍ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ പൂര്‍ണമായി കത്താതിരുന്നതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.