ശബരിമലയില്‍ ആചാരലംഘനം നടന്നു; സ്ഥിതി അതീവഗുരുതരം; സ്ത്രീകളെ തടഞ്ഞത് തെറ്റെന്നും സ്‌പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍

single-img
10 November 2018

ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് സ്‌പെഷല്‍ കമ്മീഷണര്‍. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്‌പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമലയിലെ സ്ഥിതി ഗുരുതരമാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം കലുഷിതമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങള്‍ക്ക് നിയന്ത്രണം വരുത്തണം. സുരക്ഷാ ഭീഷണിയുള്ള തീര്‍ഥാടന കേന്ദ്രമായി ശബരിമല മാറിയിരിക്കുന്നു.

ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും നിലവിലെ സാഹചര്യം മുതലാക്കാന്‍ ഇടയുണ്ടെന്നും സ്‌പെഷല്‍ കമ്മീഷണര്‍ എം.മനോജ് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് രണ്ടാം തവണയാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നത്.

നേരത്തെ തുലാമാസ പൂജാവേളയ്ക്ക് പിന്നാലെ സ്‌പെഷ്യല്‍ കമ്മീഷണര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശബരിമലയിലെ സാഹചര്യം കൃത്യമായി വിവരിക്കുന്നതോടൊപ്പം ചില മുന്നറിയിപ്പുകള്‍ കൂടി നല്‍കുന്നതാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഇത് കോടതി അടുത്ത ദിവസം പരിഗണിക്കും.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയോടെയാണ് ശബരിമലയില്‍ സ്ഥിതിഗതികള്‍ വഷളായത്. ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും ദേവസ്വംബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ദാസും പതിനെട്ടാം പടി ചവിട്ടിയത് വിവാദമായിരുന്നു.