മണ്‍വിള ഫാമിലി പ്ലാസ്റ്റിക്സിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന; രണ്ട് ജീവനക്കാർ കസ്റ്റഡിയിൽ

single-img
10 November 2018

തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയെന്ന് സംശയം. രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഇന്നലെ മുതൽ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. ശമ്പളം വെട്ടിക്കുറച്ചതിനെ ചൊല്ലി ഇവര്‍ക്ക് മാനേജ്മെന്റിനോട് വിരോധമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരും മലയാളികളാണ്.

സ്റ്റോര്‍ റൂമിലാണ് ആദ്യം തീപിടിത്തമുണ്ടാകുന്നത്. ഇതിന് തൊട്ടുമുൻപ് സ്റ്റോർ റൂമിലേക്ക് കയറിപ്പോയവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് രണ്ട് ജീവനക്കാരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇവരിൽ ഒരാള്‍ കുറ്റം സമ്മതിച്ചതായും സൂ‌ചനയുണ്ട്.

ഇലക്ട്രിക്കൽ ഡയറക്ടറേറ്റ് നടത്തിയ പരിശോധനാറിപ്പോർട്ട് വന്നതിന് ശേഷമാകും പൊലീസ് അന്തിമനിഗമനത്തിലെത്തുക. ഷോർട്ട് സർക്യൂട്ടല്ല അപകടകാരണമെന്ന് റിപ്പോർട്ടിലുണ്ടെങ്കിൽ ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.

അന്വേഷണ സംഘം പ്രാഥമിക അന്വേണത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഇന്നലെ രാത്രിയോടെ അട്ടിമറിയാണെന്ന് സൂചന ലഭിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് നിർണായകവിവരം ലഭിച്ചത്.മാത്രമല്ല, ജോലിയില്‍നിന്ന് പിരിച്ചുവിട്ട മൂന്ന് പേരെയും അപകട ദിവസം കമ്പനി പരിസരത്ത് കണ്ടതായും വിവരമുണ്ട്. നവംബർ ഒന്നിന് രാത്രിയാണ് ഫാക്ടറിയിൽ വൻ തീപിടിത്തമുണ്ടായത്. നിര്‍മാണശാലയും ഗോഡൗണും പൂര്‍ണമായി കത്തി നശിച്ചു.