ഡിവൈഎസ്പി ഹരികുമാര്‍ കീഴടങ്ങിയേക്കും; തമിഴ്‌നാട്ടില്‍ ഒളിവിലെന്നു സൂചന

single-img
10 November 2018

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി എസ്.സനലിനെ കാറിനു മുന്‍പില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. നെയ്യാറ്റിന്‍കരയില്‍ ഏറെ ശത്രുക്കളുള്ളതിനാല്‍ ഇയാള്‍ കൊല്ലത്തെ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.

ഹരികുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നവംബര്‍ പതിനാലിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഹരികുമാറിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയം വരെ ഒളിവില്‍ കഴിയുന്നത് ബുദ്ധിമുട്ടാണെന്ന ബോധ്യമാണ് കീഴടങ്ങാന്‍ ഹരികുമാറിനെ പ്രരിപ്പിച്ചതെന്നാണ് സൂചന.

അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് എസ്പി കെ.എം. ആന്റണിയുടെ സംഘം ഹരികുമാറിന്റെയും സുഹൃത്ത് ബിനുവിന്റെയും ബന്ധുവീടുകളില്‍ വ്യാപക തിരച്ചില്‍ തുടരുകയാണ്. പ്രതിയെ സംരക്ഷിക്കാന്‍ സാധ്യതയുള്ള ചില ക്വാറി ഉടമകളും നിരീക്ഷണത്തിലാണ്.

മൊബൈല്‍ നമ്പര്‍ ലൊക്കേഷന്‍ തമിഴ്‌നാട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരികുമാറിനായി അവിടെയും തെരച്ചില്‍ തുടരുന്നുണ്ട്. വെള്ളിയാഴ്ച സംഭവസ്ഥലത്തും ഹരികുമാറിന്റെ വീടുകളിലും ആരംഭിച്ച തെളിവെടുപ്പ് ശനിയാഴ്ചയും തുടര്‍ന്നേക്കും.

വിശദമായ പരിശോധന ആവശ്യമായതിനാല്‍ ക്രൈംബ്രാഞ്ച് അന്വഷണ സംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്. അതേസമയം നീതി ലഭിച്ചില്ലെങ്കില്‍ കുഞ്ഞുങ്ങളുമായി സമരം നടത്തുമെന്ന് സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു.

നിലവില്‍ ഹരികുമാര്‍ മാത്രമാണു കേസില്‍ പ്രതി. കൊലക്കുറ്റമാണു ചുമത്തിയിട്ടുള്ളത്. സനലിനെ ഇടിച്ചു തെറിപ്പിച്ച കാറിന്റെ ഡ്രൈവര്‍ കേസില്‍ സാക്ഷിയാകാനാണു സാധ്യതയെന്നു പൊലീസ് പറഞ്ഞു. സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ ഉള്‍പ്പെടെ പ്രതികളാകുമോയെന്നതു ഹരികുമാറിന്റെ അറസ്റ്റിനു ശേഷമേ തീരുമാനിക്കൂ.

ഇയാളുടെ സര്‍വീസ് റിവോള്‍വര്‍ സ്റ്റേഷനില്‍ തന്നെയുണ്ടെന്നു റേഞ്ച് ഐജി മനോജ് ഏബ്രഹാം അറിയിച്ചു. സംഭവശേഷം സുഹൃത്ത് ബിനുവുമായി കാറില്‍ രക്ഷപ്പെട്ട ഹരികുമാര്‍ മൊബൈല്‍ ഫോണുകള്‍ ഓഫാക്കുന്നതിനു മുന്‍പു പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ലാ നേതാവുമായി ഒന്നിലേറെ തവണ ബന്ധപ്പെട്ടതായി സ്‌പെഷല്‍ ബ്രാഞ്ചിനു വിവരം ലഭിച്ചു.

ഈ നേതാവ് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായി പലവട്ടം ഫോണില്‍ സംസാരിച്ചു. ഒടുവില്‍ സനലിന്റെ മരണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥിരീകരിച്ചപ്പോള്‍ ഈ നേതാവ് തന്നെയാണു ഹരികുമാറിനെ അറിയിച്ചതെന്നും സൂചനയുണ്ട്. അതിനു ശേഷമാണു താന്‍ തല്‍ക്കാലം മാറിനില്‍ക്കുന്നെന്നു റൂറല്‍ എസ്പി അശോക് കുമാറിനെ അറിയിച്ച ശേഷം ഫോണ്‍ ഓഫാക്കി ഹരികുമാര്‍ മുങ്ങിയത്.