വിജയ് ചിത്രം സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം; മധുരയിലും കോയമ്പത്തൂരിലും തിയേറ്ററുകള്‍ ആക്രമിച്ചു; കട്ടൗട്ടിന് തീയിട്ടു; സംവിധായകന്റെ വീട്ടില്‍ റെയ്ഡ്

single-img
9 November 2018

വിവാദങ്ങളുടെ തലവേദന വിജയുടെ പുതിയ സിനിമ സര്‍ക്കാരിനെ വിട്ടൊഴിയുന്നില്ല. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാദങ്ങള്‍ തലപൊക്കിയിരിക്കുകയാണ്. ചിത്രം തമിഴ്‌നാട് സര്‍ക്കാരിനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം.

തമിഴ്‌നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ചിത്രത്തിനെതിരെ മന്ത്രിമാരടക്കം രംഗത്ത് വന്നതോടെ പ്രതിഷേധം ശക്തമായി. അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലേക്ക് മാര്‍ച്ച് നടത്തി. ചെന്നൈ, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധം കനത്തത്.

വിജയ് യുടെ കട്ടൗട്ടുകളടക്കം നശിപ്പിച്ചു. മധുരയില്‍ പലേടത്തും പ്രതിഷേധക്കാര്‍ നശിപ്പിക്കുന്നതു തടയാന്‍ വിജയ് ആരാധകര്‍ തന്നെ കൊടി തോരണങ്ങള്‍ അഴിച്ചു. കോയമ്പത്തൂരില്‍ ഒട്ടേറെ തിയറ്ററുകള്‍ക്കു മുന്നില്‍ പ്രതിഷേധക്കാര്‍ കുത്തിയിരിപ്പു നടത്തി. എന്നാല്‍, ഷോകള്‍ റദ്ദാക്കിയില്ല.

ചെന്നൈയില്‍ പ്രതിഷേധമുണ്ടായില്ലെങ്കിലും തിയറ്റര്‍ ഉടമകള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. വിവാദ രംഗങ്ങള്‍ നീക്കിയില്ലെങ്കില്‍ വ്യാപകമായി പ്രദര്‍ശനം തടയാനാണ് അണ്ണാ ഡി.എം.കെ തീരുമാനം. ഇതിനിടെ ചിത്രത്തിലെ വിവാദ രംഗങ്ങള്‍ ഇന്നു നീക്കിയേക്കുമെന്നു സൂചനയുണ്ട്. ഇതേ രീതിയില്‍ പടം പ്രദര്‍ശിപ്പിക്കുന്നതു ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന് തിയറ്റര്‍ എക്‌സിബിഷന്‍ അസോസിയേഷന്‍ നിര്‍മാതാക്കളെ അറിയിച്ചിരുന്നു.

സര്‍ക്കാര്‍ ചിത്രത്തിലെ വിവാദ രംഗങ്ങളുടെ പേരില്‍ സംവിധായകന്‍ എ.ആര്‍. മുരുഗദോസിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജി. ദേവരാജന്‍ എന്നയാള്‍ കമ്മിഷണര്‍ക്കു പരാതി നല്‍കി. ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ച വഞ്ചകനാണ് മുരുഗദോസെന്നു പരാതിയില്‍ ആരോപിക്കുന്നു.

അതിനിടെ, സംവിധായകന്‍ എ.ആര്‍.മുരുകദോസിന്റെ വീട്ടില്‍ രാത്രി വൈകി പൊലീസ് പരിശോധനയ്‌ക്കെത്തി. എന്നാല്‍ മുരുകദോസ് ഇല്ലാത്തതിനാല്‍ തിരിച്ചു പോവുകയായിരുന്നു. അറസ്റ്റടക്കമുള്ള നടപടിക്കല്ലെന്നും സുരക്ഷ നല്‍കാനാണ് വന്നതെന്നും പൊലീസ് വ്യക്തമാക്കി. മുരുകദോസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേര്‍സ് ആരോപിച്ചു.

രാത്രി വൈകി മുരുകദോസിന്റെ വീട്ടിലെത്തിയ പൊലീസ് നടപടിക്കെതിരെ രജനീകാന്ത്, വിശാല്‍ അടക്കമുള്ള സിനിമ മേഖലയില്‍ നിന്നുള്ളവര്‍ രംഗത്തെത്തി. സെന്‍സര്‍ ചെയ്ത സിനിമകളില്‍ ഇടപെടുന്ന സര്‍ക്കാര്‍ നീക്കത്തെ വിശാല്‍ വിമര്‍ശിച്ചു. നേരത്തെ നടന്‍ കമല്‍ഹാസനും ചിത്രത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.