കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍. പ്രശാന്തിന് സര്‍ക്കാര്‍ 25 ലക്ഷം രൂപ പിഴ വിധിച്ചെന്ന വാര്‍ത്ത വ്യാജം

single-img
9 November 2018

സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതില്‍ 25 ലക്ഷം രൂപ പിഴ വിധിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍. പ്രശാന്ത്. അനില്‍കുമാറെന്ന സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ തയാറാക്കിയ വ്യാജ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ഉത്തരവെന്ന നിലയില്‍ മാധ്യമങ്ങളില്‍ വന്നതെന്നും ഇത് പ്രസിദ്ധീകരിച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും എതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എന്‍.പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എന്‍. പ്രശാന്ത് ഐഎഎസ് കാല്‍കോടി രൂപ പിഴ അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം. ബഷീറാണു പത്രസമ്മേളനത്തില്‍ അറിയിച്ചത്. ദുരുപയോഗം ചെയ്ത വാഹനങ്ങള്‍ നിയമാനുസൃതമായി സര്‍ക്കാര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അടിയന്തരമായി താലൂക്ക് മണല്‍ സ്‌ക്വാഡുകള്‍ക്കു കൈമാറണമെന്നും ഉത്തരവിലുണ്ടെന്ന് ബഷീര്‍ പറഞ്ഞിരുന്നു.