നികേഷ് കുമാര്‍ നേടിയ വിധി സി.പി.എമ്മുകാര്‍ക്ക് വലിയ സന്തോഷം നല്‍കുന്നുണ്ടാവില്ലെന്ന് കെ. സുരേന്ദ്രന്‍

single-img
9 November 2018

തിരുവനന്തപുംര: കെ.എം. ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്ത്. എം.വി. നികേഷ് കുമാര്‍ നേടിയ ഈ വിധി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വലിയ സന്തോഷമൊന്നും നല്‍കുന്നുണ്ടാവില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പുറമേ വലിയ മതേതരനിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ പോലും പച്ചയായ വര്‍ഗീയത ഉയര്‍ത്തിയാണ് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നത്. മഞ്ചേശ്വരത്ത് ഇതേ ലീഗിനെയാണ് സിപിഎം പിന്തുണക്കുന്നതെന്നുള്ളത് കാണാതിരുന്നു കൂടായെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പുറമേക്ക് വലിയ മതേതരനിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ പോലും പച്ചയായ വര്‍ഗ്ഗീയത ഉയര്‍ത്തിയാണ് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നത്. മഞ്ചേശ്വരത്ത് ഇതേ ലീഗിനെയാണ് സി. പി. എം പിന്തുണക്കുന്നതെന്നുള്ളതും കാണാതിരുന്നുകൂടാ. അവിടെ ഒരു സമുദായാംഗങ്ങള്‍ മാത്രമുള്ള ബൂത്തുകളിലാണ് വ്യാപകമായ കള്ളവോട്ടുകള്‍ നടന്നത്.

അവിടെ സമന്‍സ് കൊടുക്കാന്‍ ചെന്നപ്പോള്‍ ഇടതു പൊലീസുകാര്‍ ലീഗിനെയാണ് സഹായിച്ചത്. പഞ്ചായത്ത് ഓഫീസുകളില്‍ മരണസര്‍ട്ടിഫിക്കറ്റിന്റെ ഫയലുകള്‍ തന്നെ സി. പി. എം ഉദ്യോഗസ്ഥന്‍മാര്‍ നശിപ്പിച്ചുകളഞ്ഞു. എന്‍. ജി. ഒ യൂനിയന്‍ നേതാക്കളായ റിട്ടേണിംഗ് ഓഫീസുകാര്‍ മുഴുവനും കള്ളവോട്ടിന് ലീഗുകാരെ സഹായിച്ചു.

സി. പി. എം കാരായ ബി. എല്‍. ഓ മാരാണ് നാട്ടിലില്ലാത്തവരുടെ സ്‌ളിപ്പുകള്‍ ലീഗ് ഓഫീസില്‍ കൊടുത്തത്. എന്തിനധികം പറയുന്നു പുത്തിഗെ പഞ്ചായത്തിലെ സി. പി. എം. കാരൊന്നടങ്കം വോട്ട് ലീഗിന് മറിക്കുകയും ചെയ്തു. ഇപ്പോള്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നതും ലീഗ് സി. പി. എം ഐക്യമുന്നണിയാണ്. അതുകൊണ്ട് എം. വി നകേഷ് കുമാര്‍ നേടിയ ഈ വിധി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വലിയ സന്തോഷമൊന്നും നല്‍കുന്നുണ്ടാവില്ല.