അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന് കെ.ടി. ജലീല്‍; രാജിവെച്ചേ തീരൂവെന്ന് രമേശ് ചെന്നിത്തല; മന്ത്രിക്കെതിരെ തലശേരി റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധം

single-img
9 November 2018

അനധികൃതമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി കെ.ടി. ജലീല്‍. നിരവധി ക്രമക്കേടുകള്‍ നടത്തി പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ താന്‍ ഇടപെട്ട് തിരിച്ചെടുത്തിട്ടില്ല. കെ.എം. ഷാജി എംഎല്‍എയുടെ ആരോപണം അടിസ്ഥാനരഹിതമെന്നും അദ്ദേഹം പറഞ്ഞു.

ആരോപണ വിധേയനായ യുഡി ക്ലര്‍ക്കിനെ തനിക്ക് ഓര്‍മയില്ല. ഉദ്യോഗസ്ഥനെ തിരിച്ചെടുത്തത് സാധാരണ നടപടിക്രമം മാത്രമാണെന്നും ജലീല്‍ പറഞ്ഞു. പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ തണ്ണീര്‍ത്തടസംരക്ഷണനിയമം അട്ടിമറിച്ച ഉദ്യോഗസ്ഥനെ മന്ത്രി സംരക്ഷിച്ചുവെന്നാണ് ഷാജി എംഎല്‍എയുടെ ആരോപണം.

വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥനെ ടെര്‍മിനേറ്റ് ചെയ്യുന്നതിനുള്ള ഉത്തരവ് 2017 ജൂണ്‍ എട്ടിനാണ് പുറത്തിറങ്ങിയത്. എന്നാല്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ജൂണ്‍ 14ന് മന്ത്രി നിര്‍ദേശിച്ചുവെന്ന് ഷാജി ആരോപിച്ചു.

അതേസമയം, കെ.ടി. ജലീല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യോഗ്യത ഇളവ് വരുത്തിയത് കോര്‍പ്പറേഷനല്ലെന്ന് വ്യക്തമായി. നിയമനത്തില്‍ മന്ത്രിയുടെ ഇടപെടല്‍ തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സ്വജനപക്ഷപാതവും അഴിമതിയും കൈയോടെ പിടിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ജലീലിനെ രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതിനിടെ മന്ത്രി കെ.ടി ജലീലിനെതിരെ കണ്ണൂര്‍ തലശേരി റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധം. പുലര്‍ച്ചെ മലബാര്‍ എക്‌സ്പ്രസില്‍ വന്നിറങ്ങിയപ്പോഴായിരുന്നു പ്രതിഷേധം. കരിങ്കൊടി കാണിച്ച ആറ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധു നിയമനം നടത്തിയ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.