ആരെയും കണ്ണുമടച്ച് വിശ്വസിക്കരുതെന്ന് പഠിച്ചു: ധന്യ മേരി വര്‍ഗീസ് പറയുന്നു

single-img
9 November 2018

ഫ്‌ലാറ്റ് തട്ടിപ്പ് കേസും തുടര്‍ന്നുണ്ടായ അറസ്റ്റും തന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് നടി ധന്യ മേരി വര്‍ഗീസ്. എങ്ങിനെ ഒറ്റ രാത്രി കൊണ്ട് എല്ലാം മാറിമറിയുമെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. ഞാന്‍ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ്. പക്ഷേ ഇപ്പോള്‍ ഞാന്‍ ഓരോരുത്തരെയും അടുത്തറിഞ്ഞ് അവരുടെ സമീപനവും പെരുമാറ്റവും മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷെ ആ അനുഭവം എന്നെ വലിയൊരു പാഠം പഠിപ്പിച്ചു. എന്റേത് ഒരു സാധാരണ കുടുംബമാണ്, ഭര്‍ത്താവിന്റേത് ബിസിനസ്സ് കുടുംബവും. എനിക്ക് ബിസിനസ്സിനെ പറ്റി ഒന്നും അറിയില്ല, ഞാന്‍ എന്റെ ഭര്‍ത്താവിനെ സഹായിക്കാന്‍ ശ്രമിച്ചു. ആരെയും കണ്ണുമടച്ചു വിശ്വസിക്കരുതെന്ന് എന്നെപോലെ എന്റെ ഭര്‍ത്താവും പഠിച്ചു.

ഇന്ന് എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു. ജീവിതത്തിലെ ആ മോശം ദിനങ്ങള്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പ്രാര്‍ഥനയിലൂടെ ഞാന്‍ കരുത്ത് സംഭരിച്ചു. എനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്’ – ധന്യ പറഞ്ഞു.

2016 ഡിസംബറിലാണ് ധന്യയെ തട്ടിപ്പിന്റെ പേരില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുക്കുന്നത്. ധന്യയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും അറസ്റ്റിലായി. ഫ്‌ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 10 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയെടുത്തുവെന്നായിരുന്നു കേസ്.

മോഡലിങ്ങില്‍ തുടങ്ങി, സിനിമയിലെത്തി താരമായ നടിയാണ് ധന്യ മേരി വര്‍ഗീസ്. തലപ്പാവ്, കേരള കഫേ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനം ധന്യയെ ചെറിയ കാലത്തിനുള്ളില്‍ ശ്രദ്ധേയയാക്കി.