പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് കുരുക്ക്; ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു

single-img
8 November 2018

യുവമോര്‍ച്ച യോഗത്തിലെ വിവാദ പ്രസംഗത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് കസബ പോലീസാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 505 (1) (ബി) വകുപ്പു പ്രകാരമാണ് കേസ്.

വിദ്വേഷം പരത്തി കലാപത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രസംഗമാണ് ശ്രീധരന്‍പിള്ള നടത്തിയതെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ഷൈബന്‍ നന്‍മണ്ട നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

കോഴിക്കോട് നടന്ന യുവമോര്‍ച്ച യോഗത്തില്‍ തന്നോട് ഉപദേശം ചോദിച്ചാണ് യുവതി പ്രവേശനമുണ്ടായാല്‍ ശബരിമല നടയടച്ചിടുമെന്ന് തന്ത്രി പറഞ്ഞതെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രസ്താവന. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി ബി.ജെ.പിക്ക് കിട്ടിയ അവസരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവില്‍ ബി.ജെ.പിയുടെ അജണ്ടയനുസരിച്ചാണ് ശബരിമലയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.