സനലിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: സൈറണ്‍ ഇടേണ്ടെന്നും ഡ്യൂട്ടി മാറണമെന്നും പൊലീസ് പറഞ്ഞുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍

single-img
8 November 2018

നെയ്യാറ്റിന്‍കരയില്‍ ഡിവൈ.എസ്.പി. കാറിനുമുന്നില്‍ തള്ളിയിട്ട യുവാവ് മരിച്ചത് തലയ്‌ക്കേറ്റ ക്ഷതംമൂലമെന്ന് നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം പൊലീസിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് വിവരം. സനലിന്റെ തുടയ്ക്കും വാരിയെല്ലിനും കവിളെല്ലിനും പൊട്ടലുണ്ടായിരുന്നു. ശരീരമാസകലം ക്ഷതമേറ്റിരുന്നെന്നും ആന്തരിക രക്തസ്രാവവുമുണ്ടായിരുന്നെന്നും കണ്ടെത്തി. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ഫോറന്‍സിക് വിഭാഗം നാളെ നല്‍കും.

അതേസമയം സനല്‍ കുമാറിനെയും കൊണ്ട് ആംബുലന്‍സ് ആശുപത്രിയില്‍ പോകുന്നതിന് പകരം പൊലീസ് സ്റ്റേഷനിലേക്ക് പോയത് പൊലീസിന്റെ ആവശ്യപ്രകാരമായിരുന്നെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന സനലിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു നാട്ടുകാരും ആവശ്യപ്പെട്ടത്.

എന്നാല്‍ ആംബുലന്‍സില്‍ കയറിയ പോലീസുകാര്‍ ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ പറഞ്ഞു. അഞ്ച് മിനിറ്റിനകം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്ക് യാത്രതിരിച്ചെങ്കിലും നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനിലേക്ക് പോകാനായിരുന്നു പോലീസുകാരുടെ നിര്‍ദേശം.

ആംബുലന്‍സിലുണ്ടായിരുന്ന പോലീസുകാരന് ഡ്യൂട്ടി മാറാനായിരുന്നു സ്‌റ്റേഷനിലേക്ക് പോയത്. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തി മറ്റൊരു പോലീസുകാരന്‍ വന്നശേഷമാണ് ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്ക് യാത്രതിരിച്ചത്. പോകുമ്പോള്‍ സൈറണ്‍ ഇടേണ്ടെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെന്നും അനീഷ് പറഞ്ഞു.

സംഭവസ്ഥലത്തുനിന്ന് ആശുപത്രിയിലേക്കും പോലീസ് സ്‌റ്റേഷനിലേക്കുമുള്ള യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും പോലീസുകാര്‍ ആവശ്യപ്പെട്ടെന്നും ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പറഞ്ഞു. അതിനിടെ, കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. ഇതിനായി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരികുമാര്‍ ജാമ്യാപേക്ഷ നല്‍കി. നിലവില്‍ ഇയാള്‍ ഒളിവിലാണ്.

തിങ്കളാഴ്ച രാത്രിയാണ് റോഡിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഡി.വൈ.എസ്.പി പിടിച്ചുതള്ളിയ സനല്‍ കാറിടിച്ച് മരിച്ചത്. സംഭവത്തില്‍ ഡി.വൈ.എസ്.പി ബി.ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഹരികുമാറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.