16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വിവാഹമോചനം; മനസ്സുതുറന്ന് ആമിർ ഖാൻ

single-img
8 November 2018

കോഫി വിത്ത് കരൺ എപ്പിസോഡിൽ അതിഥിയായെത്തിയപ്പോഴാണ് തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് ആമിർ സംസാരിച്ചത്. റീനയുമായുളള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിനു ശേഷം രണ്ടാം വിവാഹത്തെക്കുറിച്ചുള്ള തീരുമാനമെടുത്തത് ഏറെ വിഷമത്തോടെയായിരുന്നെന്ന് ആമിർ ഖാൻ പറഞ്ഞു. റീനയുമായുളള 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് കിരൺ റാവുവിനെ ആമിർ ഖാൻ വിവാഹം ചെയ്യുന്നത്.

‘16 വർഷമാണ് ഞാനും റീനയും ഒരുമിച്ച് ജീവിച്ചത്. വേർപിരിയാൻ എടുത്ത തീരുമാനം എനിക്ക് മാത്രമല്ല റീനയ്ക്കും ഞങ്ങളുടെ കുടുംബത്തിനും ഏറെ വിഷമം നൽകുന്നതായിരുന്നു. പക്ഷേ ഞങ്ങൾ രണ്ടുപേരും കഴിയുന്നത്ര നല്ല രീതിയിൽ അതിനെ കൈകാര്യം ചെയ്തു. വിവാഹ മോചനം നേടിയതിലൂടെ റീനയോടുളള ബഹുമാനം എനിക്ക് കുറഞ്ഞെന്നോ അവളോടുളള എന്റെ സ്നേഹം നഷ്ടപ്പെട്ടുവെന്നോ അർത്ഥമില്ല.

അവൾ ശരിക്കും അതിശയപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ്. 16 വർഷം അവൾക്കൊപ്പം ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. അവളുമായുളള ജീവിതം ഞാനെന്ന വ്യക്തിത്വത്തെ വളരാൻ സഹായിച്ചു. വളരെ ചെറുപ്പത്തിലാണ് ഞങ്ങൾ വിവാഹിതരായത്. എന്നിട്ടും ഞാൻ മാത്രമല്ല അവളും വിവാഹ ജീവിതത്തിന് അതിന്റേതായ പ്രാധാന്യം നൽകി’.– ആമിർ പറഞ്ഞു.

1986 ലായിരുന്നു ആമിർഖാനും റീനയുമായുളള വിവാഹം നടന്നത്. 2002 ൽ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തിൽ ജുനൈദ് എന്ന മകനും ഇറ എന്ന മകളുമുണ്ട്. 2005 ലാണ് കിരൺ റാവുവുമായുളള ആമിറിന്റെ വിവാഹം. ഈ ബന്ധത്തിൽ ആസാദ് റാവു ഖാൻ എന്നൊരു മകനുണ്ട്.