കൂടുതല്‍ സമയം വേണമെന്ന് ‘അമ്മ’; ഡബ്ല്യൂ.സി.സി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് 26ലേക്ക് മാറ്റി

single-img
7 November 2018

മലയാള സിനിമ മേഖലയിലെ ലൈംഗിക ചൂഷണം തടയാന്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നവംബര്‍ 26ലേക്ക് മാറ്റി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.

മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടി റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഡബ്ല്യു.സി.സിക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി.

ഹര്‍ജിയില്‍ അമ്മ ഉള്‍പ്പടെയുള്ള സംഘടനകള്‍ക്കു കോടതി നേരത്തേ നോട്ടിസ് അയച്ചിരുന്നു. തൊഴിലിടങ്ങളിലെ പീഡനം തടയുന്നതിനു പ്രത്യേക സമിതി വേണമെന്നുള്ള സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഡബഌയുസിസി കോടതിയെ സമീപിച്ചത്.