നടപന്തലില്‍ അമ്പത്തിരണ്ടുകാരിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍: ശബരിമലയിലെ പോലീസ് വിന്യാസം കേന്ദ്ര നിര്‍ദേശപ്രകാരമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

single-img
7 November 2018

ശബരിമല നടപന്തലില്‍ ചൊവ്വാഴ്ച സ്ത്രീയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. മുഖ്യആസൂത്രകന്‍ ഇലന്തൂര്‍ സ്വദേശി സൂരജാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിനും കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് കേസ്.

അതേസമയം, ശബരിമലയിലെ പോലീസ് വിന്യാസം കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പോലീസ് നടപടികള്‍ കേന്ദ്രത്തിന്റെ നിര്‍ദേശം അനുസരിച്ചായിരുന്നു. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ശബരിമലയിലെത്തുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

നാമജപ പ്രതിഷേധത്തിന്റെ പേരില്‍ ഒരു സംഘം ശബരിമലയിലെത്തിയ സ്ത്രീകളെ തടഞ്ഞു. യഥാര്‍ഥ ഭക്ത ജനങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും പോലീസ് തടഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സ്വകാര്യ ചാനല്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിശദീകരണം. സര്‍ക്കാരിന് വേണ്ടി പത്തനംതിട്ട എസ്പി പി.നാരായണന്‍ ആണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ശബരിമലയില്‍ പരിശോധനകള്‍ നടത്തിയശേഷമാണ് മാധ്യമങ്ങളെ കടത്തി വിട്ടതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.