നിയന്ത്രണംവിട്ട ട്രക്ക് ടോള്‍ബൂത്തില്‍ വരിവരിയായി നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ ഇടിച്ചുകയറി 15 പേര്‍ മരിച്ചു; 50 പേര്‍ക്ക് ഗുരുതര പരിക്ക്

single-img
4 November 2018

ചൈനയില്‍ ടോള്‍ ബൂത്തിലെ വാഹനങ്ങളുടെ നിരയിലേക്ക് ട്രക്ക് ഇടിച്ചുകയറി 15 പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക് പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. ഗാന്‍സു പ്രവിശ്യയിലെ എക്‌സ്പ്രസ് ഹൈവേ ടോള്‍ സ്റ്റേഷനിലാണ് ദുരന്തമുണ്ടായത്.

വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ലാന്‍സൗവില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. എക്‌സ്പ്രസ് വേയിലെ ഇറക്കത്തില്‍വച്ചാണ് വമ്പന്‍ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന 31 ഓളം കാറുകളിലേക്ക് ഇടിച്ചുകയറി. ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അപകടമുണ്ടായ പാതയിലൂടെ ഈ ഡ്രൈവര്‍ ആദ്യമായാണ് വാഹനം ഓടിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അപകടത്തില്‍പ്പെട്ട് തകര്‍ന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു. കഴിഞ്ഞയാഴ്ച ബസ് ഡ്രൈവറും യാത്രക്കാരിയും തമ്മിലുണ്ടായ അടിപിടിക്കിടെ ബസ് നദിയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വാഹനാപകടം.