വിവരക്കേട് ഒരു അലങ്കാരമായി കൊണ്ടുനടക്കരുത്; സംഘപരിവാറുകാരോട് ശാരദക്കുട്ടി

single-img
4 November 2018

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എഴുത്തുകാരി കെ ആര്‍ മീരയെ വിമര്‍ശിക്കുന്ന സംഘപരിവാറുകാര്‍ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി ശാരദക്കുട്ടി. താലിയും മാലയും സിന്ദൂരവും കൊണ്ടല്ല, ബുദ്ധിയും ചിന്തയും വകതിരിവും കൊണ്ടാണ് കേരളത്തിലെ എഴുത്തുകാര്‍ നിങ്ങളോടു പൊരുതിക്കൊണ്ടിരിക്കുന്നത്. സമൂഹത്തിലിങ്ങനെ നാണംകെടാനായി വിവരക്കേട് അലങ്കാരമാക്കി കൊണ്ടു നടക്കരുതെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആവേ മറിയ, കെ.ആര്‍.മീര എഴുതിയ ഒരു കഥയുടെ പേരാണെന്നാണ് ഞങ്ങള്‍ക്കറിയാവുന്നത്. സംഘ പരിവാറുകാര്‍ പറയുന്നത്, മറിയ എന്ന ക്രിസ്ത്യാനിപ്പെണ്ണ്, മീര എന്ന കള്ളപ്പേരില്‍ ഹിന്ദു ചമഞ്ഞ് പേരും പ്രശസ്തിയും അവാര്‍ഡുകളും നേടിയെടുക്കുന്നുവെന്നാണ്. ആവേ മറിയയാണത്രേ മീരയുടെ ശരിയായ പേര്. മാത്രവുമല്ല, മീര താലിമാലയും ഇടാറില്ല. താലിയില്ലെങ്കില്‍ ഹിന്ദു സ്ത്രീ ആകില്ല പോലും. താലിയില്ലാത്ത ക്രിസ്ത്യാനി എഴുത്തുകാരിക്ക് ശബരിമലയെക്കുറിച്ചു പറയാനെന്തു കാര്യം?

അമൃതകുമാരി ടീച്ചറുടെയും ആര്‍ സി പിള്ള സാറിന്റെയും മകളെ കേരളമറിയുന്നത് കെ.ആര്‍.മീര എന്നാണ്. ഹിന്ദു എഴുത്തുകാരിയെന്നോ ക്രിസ്ത്യന്‍ എഴുത്തുകാരിയെന്നോ അല്ല. അവരാണ് സംഘ പരിവാറിനെതിരെ കഥകളെഴുതിയിട്ടുള്ളത്. അവരാണ് ലിംഗനീതി പ്രശ്‌നത്തില്‍ സുഗതകുമാരിയെ ഇന്നലെ വിമര്‍ശിച്ചത്..

താലിയും മാലയും സിന്ദൂരവും കൊണ്ടല്ല, ബുദ്ധിയും ചിന്തയും വകതിരിവും കൊണ്ടാണ് കേരളത്തിലെ എഴുത്തുകാര്‍ നിങ്ങളോടു പൊരുതിക്കൊണ്ടിരിക്കുന്നത്. സാറാ ജോസഫ്, നിങ്ങള്‍ക്ക് വെറുമൊരു ‘തള്ള’യായി തോന്നുന്നു. 14 വയസ്സു മുതല്‍ മതപൗരോഹിത്യ. പുരുഷാധികാരശക്തികളോട് സന്ധിയില്ലാതെ സമരം നയിക്കുന്ന ആ ‘തള്ള’യൊക്കെയാണ് നിങ്ങളുടെയൊക്കെ വീടുകളിലെ കൂലീന സ്ത്രീത്വങ്ങള്‍ക്കു വേണ്ടി തെരുവില്‍ ഇത്രയും കാലം സമരം ചെയ്തത്.

നാമജപ സമരമല്ല, കേരളത്തിലെ ആദ്യത്തെ സ്ത്രീ സമരമെന്നറിയണം. വകതിരിവില്ലായ്മക്ക് സംഘപരിവാറെന്നാണ് സംസ്‌കൃതം. സംഘപരിവാര്‍ നേതൃത്വത്തോട് ഒരപേക്ഷയുണ്ട്. വല്ലതുമൊക്കെ ഇടയ്ക്ക് ഒന്നെടുത്തു വായിച്ചതുകൊണ്ട് വലിയ ദോഷമൊന്നുമുണ്ടാകില്ലെന്ന് അണികളോടു പറയണം. സമൂഹത്തിലിങ്ങനെ നാണംകെടാനായി വിവരക്കേട് അലങ്കാരമാക്കി കൊണ്ടു നടക്കരുത്..