പാമ്പ് കടിയേറ്റ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു

single-img
4 November 2018

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ആശുപത്രിയിലെ ഐസിയുവില്‍ കഴിഞ്ഞിരുന്ന കൗമാരക്കാരിയെ ജീവനക്കാരും മറ്റു ചിലരും ചേര്‍ന്നു കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് അഞ്ചു ദിവസം മുമ്പാണു പെണ്‍കുട്ടിയെ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ യൂണിഫോം ധരിച്ച് അകത്ത് എത്തിയവര്‍ പെണ്‍കുട്ടിക്ക് കുത്തിവയ്പ് നല്‍കാന്‍ ശ്രമിച്ചു. ഇത് പെണ്‍കുട്ടി ചെറുത്തതോടെ ഇവര്‍ ചേര്‍ന്നു പെണ്‍കുട്ടിയെ കൈകള്‍ കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഒരു ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

നാലുപേര്‍ ഒളിവിലാണ്. പീഡിപ്പിക്കപ്പെടുമ്പോള്‍ പെണ്‍കുട്ടി മാത്രമാണ് ഐസിയുവിലുണ്ടായിരുന്നത്. പിന്നീട് ജനറല്‍ വാര്‍ഡിലേക്കു മാറ്റിയപ്പോഴാണ് പെണ്‍കുട്ടി ഒപ്പമുണ്ടായിരുന്ന ബന്ധുവിനോടു പീഡനവിവരം വെളിപ്പെടുത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

കേസില്‍ പോലീസ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഐ.സി.യുവിലെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തു. രണ്ടാഴ്ച മുന്‍പ് ഉത്തര്‍പ്രദേശിലെ തന്നെ ബാഗ്പതിലും ആശുപത്രിയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് വാര്‍ഡ് ബോയിയെയും മെഡിക്കല്‍ വിദ്യാര്‍ത്ഥിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 17 വയസ്സുള്ള പെണ്‍കുട്ടിയായിരുന്നു അന്ന് പീഡനത്തിനിരയായത്. മയങ്ങാനുള്ള മരുന്നുകള്‍ കുത്തിവെച്ച ശേഷമായിരുന്നു ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.