അനില്‍ അംബാനിയുടെ മറ്റൊരു നിഷ്‌ക്രിയ കമ്പനിയിലും റഫാല്‍ നിര്‍മ്മാണ കമ്പനിയായ ഡാസോ നിക്ഷേപം നടത്തി; തെളിവുകള്‍ പുറത്ത്

single-img
2 November 2018

റഫാല്‍ നിര്‍മ്മാണ കമ്പനിയായ ഡാസോ ഏവിയേഷന്‍ റിലയന്‍സിന്റെ മറ്റൊരു കമ്പനിയില്‍ കൂടി നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. അനില്‍ അംബാനിയുടെ നഷ്ടത്തിലായ റിലയന്‍സ് എയര്‍പോര്‍ട്ട് ഡവലപ്പേഴ്‌സ് ലിമിറ്റഡിന്റെ 34 ശതമാനം ഓഹരിയാണ് ഡാസോ ഏവിയേഷന്‍ വാങ്ങിയത്.

ഇതോടെ 284 കോടി രൂപ റിലയന്‍സിന് ലഭിച്ചതായും പുറത്ത് വന്ന രേഖകള്‍ വ്യക്തമാക്കുന്നു. ഈ പണം ഉപയോഗിച്ചാണ് നാഗ്പൂരില്‍ റിലയന്‍സ് എയറോ സ്ട്രക്ചര്‍ ഭൂമി വാങ്ങിയതെന്നും രേഖകകള്‍ വ്യക്തമാക്കുന്നു. ‘ദ വയര്‍’ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

റഫാല്‍ ഇടപാടില്‍ ഡാസോ ഏവിയേഷന്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കളിയാക്കിയതിനെകുറിച്ചുള്ള വിവാദങ്ങള്‍ നിലനില്‍ക്കെയാണ്, അനില്‍ അംബാനിയുടെ മറ്റൊരു കമ്പനിയില്‍ കൂടി ദസ്സോ കമ്പനി നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ പുറത്തു വരുന്നത്.

അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ആര്‍എഡിഎല്ലില്‍ അവര്‍ക്കുള്ള ഓഹരികളില്‍ 34.7% ഡാസോ ഏവിയേഷനു വിറ്റുവെന്നു റിലയന്‍സിന്റെ രേഖകളിലുണ്ട്. ഡാസോയുടെ രേഖകളിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. 2015-16 സാമ്പത്തിക വര്‍ഷം 9 ലക്ഷവും 2016–17 വര്‍ഷം 10.35 ലക്ഷം നഷ്ടത്തിലായിരുന്നു ആല്‍എല്‍ഡിഎല്‍ എന്നു കമ്പനി രേഖകള്‍ സൂചിപ്പിക്കുന്നു.

വിമാനത്താവങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്ന കമ്പനിക്ക് 2009 ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 63 കോടി രൂപയുടെ വിമാനത്താവള വികസന കരാര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇതിന്റെ പ്രവര്‍ത്തനങ്ങളൊന്നും കാര്യമായി നടന്നില്ല. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരായ മഹാരാഷ്ട്ര എയര്‍പോര്‍ട് ഡവലപ്‌മെന്റ് കൗണ്‍സില്‍ ആര്‍എഡിഎല്ലില്‍നിന്നു വിമാനത്താവളങ്ങളുടെ ചുമതല തിരികെയെടുക്കാന്‍ ആലോചിക്കുകയായിരുന്നു.

എന്നാല്‍, 2015 ഓഗസ്റ്റില്‍ ആര്‍എല്‍ഡിഎല്ലിന്റെ സഹസ്ഥാപനമായ റിലയന്‍സ് എയ്‌റോസ്ട്രക്ചറിന്റെ അപേക്ഷപ്രകാരം നാഗ്പുരില്‍ അവര്‍ക്ക് 289 ഏക്കര്‍ സ്ഥലം കൗണ്‍സില്‍ അനുവദിച്ചു. 2015 ഏപ്രിലിലാണു റഫാല്‍ കരാര്‍ ഒപ്പിട്ടത്.