റഫാൽ വിമാനങ്ങളുടെ വില പൂർണ്ണമായും വെളിപ്പെടുത്താനാകില്ലെന്ന വിശദീകരണവുമായി കേന്ദ്ര സർക്കാർ

single-img
1 November 2018

റഫാൽ വിമാനങ്ങളുടെ വിലവിവരം സുപ്രിം കോടതിക്കും നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. അധിക സാങ്കേതിക സംവിധാനങ്ങൾക്ക് നല്‍കിയ വില വെളിപ്പെടുത്തുന്നത് ശത്രുരാജ്യങ്ങളെ സഹായിക്കുമെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം.

വില അടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാനാവില്ലെന്ന് ഇന്നലെത്തന്നെ എ.ജി കോടതിയെ അറിയിച്ചിരുന്നു.
ഇടപാടിലെ തീരുമാനങ്ങള്‍ മാത്രം പരിശോധിക്കുമെന്ന നേരത്തെ വ്യക്തമാക്കിയ കോടതി, വിമാനങ്ങളുടെ വില വിവരങ്ങളും സാങ്കേതിക വിശദാംശങ്ങളും പത്ത് ദിവസത്തിനകം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തലവനായ മൂന്നംഗ ബെഞ്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോട് നിര്‍ദേശിച്ചിരുന്നു.

“എന്തുകൊണ്ടാണ് വിവരം പങ്കുവെക്കാതിരിക്കുന്നതെന്നറിയിച്ച് ദയവായി സത്യവാങ്മൂലം നൽകുക. എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ അക്കാര്യം അറിയിക്കുക. ഞങ്ങൾ അതു കേൾക്കാം.” -ചീഫ് ജസ്റ്റിസ് ഗൊഗോയ്, വേണുഗോപാലിനോടു പറഞ്ഞു.

റഫാൽ വിമാനങ്ങളുടെ വിലയും ചെലവും മേന്മകളെന്തെങ്കിലുമുണ്ടെങ്കിൽ അതും വിശദമായി അറിയാൻ താത്പര്യമുണ്ടെന്ന് കോടതി സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, ഇതു നൽകാൻ സർക്കാർ തയ്യാറായില്ല. രാജ്യസഭാംഗം സഞ്ജയ് സിങ്, മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷോരി, അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, എം.എൽ. ശർമ എന്നിവരുടെ പരാതിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.