ആ ചിത്രത്തിന്റെ നിഗൂഢതയ്ക്ക് അവസാനം; ലോകം തേടിയ കമിതാക്കൾ ഇവരാണ്

single-img
1 November 2018

ലോകം മുഴവൻ തേടിക്കൊണ്ടിരുന്ന ആ പ്രണയിതാക്കളെ ഒടുവിൽ കണ്ടെത്തി. കാലിഫോർണിയയിലെ യോസ്മൈറ്റ് നാഷണൽ പാർക്കിലെ ടോഫ് പോയിന്റിലെ പ്രണയനിമിഷം മാത്യുഡിപ്പെൽ എന്ന ഫൊട്ടോഗ്രാഫർ പകർത്തിയ ചിത്രം നിരവധിപ്പേരുടെ മനസ്സ് കവർന്നിരുന്നു. ഒക്ടോബർ ആറിനാണ് ഈ ചിത്രം എടുത്തത്. എന്നാൽ ഈ കമിതാക്കൾ ആരെന്നു കണ്ടെത്താൻ ഫൊട്ടോഗ്രാഫർക്കായില്ല.

ഇവരെ കണ്ടെത്താനാവാതെ വന്നതോടെയാണ് ഒക്ടോബർ 17ന് ഡിപ്പെൽ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ഇവരെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടും ചിത്രമെടുത്ത തീയതിയും സ്ഥലവും വ്യക്തമാക്കിയുമാണ് ഡിപ്പെൽ ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ ചിത്രം വൈറലായി. ട്വിറ്ററിൽ ഒരു ലക്ഷത്തിലധികം തവണ റീട്വീറ്റ് ചെയ്യപ്പെടുകയും ഫെയ്സ്ബുക്കിൽ 15000 ലധികം തവണ ഷെയർ ചെയ്യപ്പെടുകയും ചെയ്തു.

ഇപ്പോഴിതാ ആ കമിതാക്കളെ താന്‍ കണ്ടെത്തിയെന്നറിയിച്ച് മാത്യു ഡിപ്പല്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. ചാര്‍ലി ബിയറും അദ്ദേഹത്തിന്റെ പ്രതിശ്രുത വധു മെലിസ്സയുമായിരുന്നു ആ കമിതാക്കള്‍. ഒരു പ്രാദേശിക വാര്‍ത്താ മാധ്യമത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജ് സന്ദര്‍ശിക്കവെയാണ് തന്റെയും തന്റെ പ്രിയതമയുടെയും ചിത്രം വൈറലായെന്ന കാര്യം ചാര്‍ലി അറിഞ്ഞത്. അപ്രതീക്ഷിതമായാണ് ചിത്രത്തില്‍ ഉള്‍പ്പെട്ടതെന്നും അതിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുമെന്ന് കരുതിയില്ലെന്നും ചാര്‍ലി പറഞ്ഞു.

യോസ്മൈറ്റ് നാഷണൽ പാർക്കിൽ സുഹൃത്തിന്റെ ചിത്രങ്ങളുമെടുത്ത് ടൂറിസ്റ്റുകളോടും മറ്റു ഫൊട്ടോഗ്രാഫർമാരോടും ഒപ്പം നിൽക്കുമ്പോഴാണ് ഡിപ്പെൽ എതിർവശത്തുള്ള മലയുടെ തുഞ്ചത്തു നിൽക്കുന്ന രണ്ടു പേരെ കാണുന്നത്. പാറമടക്കുകളെ സാക്ഷിയാക്കി, ഉയരങ്ങളിൽ പ്രണയിനിക്കു മുന്നിൽ മുട്ടുകുത്തി നിൽക്കുകയാണ് ഇൗ കാമുകൻ. ഉടൻ ആ കാഴ്ച തന്റെ ക്യാമറയിൽ പകർത്തിയ ഡിപ്പെൽ ആ മനോഹര കാഴ്ച സമ്മാനിച്ച നായകനെയും നായികയെയും കാണാൻ കുതിച്ചു. പക്ഷേ, ആ മനോഹര ചിത്രത്തിലെ നായികയും നായകനും അവിടെ ഉണ്ടായിരുന്നില്ല.