ഏകതാ പ്രതിമ മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു; സര്‍ദാര്‍ പട്ടേലിനെ അനുസ്മരിക്കുന്നതെങ്ങനെ കുറ്റമാകുമെന്ന് മോദി

single-img
31 October 2018

ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന് ഖ്യാതി നേടാനൊരുങ്ങുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 597 അടിയാണ് (182 മീറ്റർ) പ്രതിമയുടെ ഉയരം. ഇന്ത്യയുടെ ‘ഉരുക്കു മനുഷ്യൻ’ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു.

നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ ഈ പ്രതിമ 33 മാസത്തെ തുടര്‍ച്ചയായ ജോലിക്കൊടുവിലാണ് പൂര്‍ത്തിയായത്. രാം വി. സുത്തര്‍ രൂപകല്പനയും എല്‍ ആന്‍ഡ് ടി നിര്‍മാണവും നിര്‍വഹിച്ചു- 2989 കോടി രൂപ ചെലവ്. ചൈനയിലെ 153 മീറ്റര്‍ ഉയരമുള്ള ബുദ്ധപ്രതിമയെയും ബ്രസീലിലെ ക്രിസ്തുപ്രതിമയെയും അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയെയുമൊക്കെ ഉയരത്തില്‍ പിന്തള്ളി ലോകത്തിലേറ്റവും ഉയരമുള്ള പ്രതിമ എന്ന സ്ഥാനം ഏകതാ പ്രതിമയ്ക്ക് സ്വന്തമായി.

എല്ലാ ഇന്ത്യക്കാരെയും സംബന്ധിച്ച് ചരിത്രപരവും പ്രചോദനാത്മകവുമായ അവസരമാണിതെന്ന് നരേന്ദ്രമോദി പറഞ്ഞു. പ്രതിമ അനാഛാദനം ചെയ്യാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതില്‍ മോദി സന്തോഷം പ്രകടിപ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഏകതാ പ്രതിമ നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. രജ്യത്തെമ്പാടുമുളള ലക്ഷക്കണക്കിന് കര്‍ഷകര്‍ ഇതിനായി തങ്ങളുടെ ആയുധങ്ങളും, അവരുടെ ഭൂമിയിലെ മണ്ണുമായി മുന്നോട്ടുവന്നു. അങ്ങനെ ഒരു വലിയ മുന്നേറ്റത്തിനാണ് ആരംഭം കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ദാര്‍ സാഹിബിന്റെ സങ്കല്‍പം പൂര്‍ണമായിരുന്നില്ലെങ്കില്‍ ഗിര്‍വനം കാണാനും സോമനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും ഹൈദരാബാദിലെ ചാര്‍മിനാര്‍ കാണാനും ഇന്ത്യക്കാര്‍ക്ക് വിസ എടുക്കേണ്ടിവരുമായിരുന്നുവെന്ന് മോദി പറഞ്ഞു.

ഈ പദ്ധതി നടപ്പിലാക്കിയതിനെ രാഷ്ട്രീയത്തിന്റെ കണ്ണില്‍കൂടി മാത്രം ചിലര്‍ നോക്കിക്കാണുന്നു എന്നതില്‍ തനിക്ക് അമ്പരപ്പാണ് തോന്നുന്നത്. ഇതൊരു വലിയ ക്രിമിനല്‍ കുറ്റമാണെന്നാണ് അവര്‍ വിമര്‍ശിക്കുന്നത്. രാജ്യത്തിന്റെ മഹത്തായ വ്യക്തിത്വത്തെ സ്മരിക്കുന്നത് എങ്ങനെ കുറ്റമാകും- മോദി ചോദിച്ചു.