അനുപം ഖേർ രാജിവെച്ചു

single-img
31 October 2018

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനം അനുപം ഖേര്‍ രാജിവെച്ചു. വിദേശ സീരിയലുകളുടെ തിരക്കഥയുടെ തിരക്കുള്ളതിനാല്‍ രാജിയെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. 2018- 2019 മാസങ്ങളിലായി ഏകദേശം ഒമ്പത് മാസം മാറിനില്‍ക്കേണ്ടി വരുമെന്ന് വിവര-പ്രക്ഷേപണ മന്ത്രി രാജ്യവർധൻ സിങ് രാഥോഡിന് സമര്‍പ്പിച്ച രാജിയില്‍ അദ്ദേഹം പറയുന്നു.

ഇത്രയധികം ഉത്തരവാദിത്തവും ചുമതലയും ഉള്ള പദവിയില്‍ ഇരിക്കുമ്പോള്‍ അവിടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാതെ ഇരിക്കുന്നത് യോജിച്ചതല്ല, അനുപം ഖേര്‍ സമര്‍പ്പിച്ച രാജിക്കത്തില്‍ പറയുന്നു. രാജിക്കത്ത് സ്വീകരിച്ചതിനുശേഷം, രാജ്യവർധൻ സിങ് രാഥോഡ് അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ പ്രവര്‍ത്തനത്തിന് നന്ദി അറിയിച്ചു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വിവാദത്തെ തുടര്‍ന്ന് അധികാരത്തില്‍ നിന്നും മാറിയ ഗജേന്ദ്ര ചൗഹാനു പകരമാണ് അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ ആയത്.

അതേസമയം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിത കഥ പ്രമേയമാകുന്ന സിനിമയില്‍ നായകനാണ് അനുപം ഖേര്‍. ദ ആക്സിഡന്റ് പ്രൈം മിനിസ്റ്റര്‍ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്‍‌തകത്തെ ആസ്‍പദമാക്കിയാണ് സിനിമ. വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.