കെപിസിസിയെ തള്ളി ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് രാഹുല്‍ഗാന്ധി: അവരുടെ ഉദ്ദേശ്യം അയ്യപ്പനെ കാണുക എന്നതല്ലായിരുന്നുവെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

single-img
30 October 2018

ശബരിമലയിലെ യുവതി പ്രവേശനത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നിലപാട് പാടെ തള്ളി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അവര്‍ക്ക് എവിടെയും പോകാന്‍ അനുമതിയുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ സ്ത്രീകളെയും പുരുഷന്മാരെയും സംബന്ധിച്ച് വളരെ വൈകാരികമായ വിഷയമാണ് ശബരിമലയെന്നാണ് തന്റെ പാര്‍ട്ടി കരുതുന്നത്. കേരളത്തിലെ സ്ത്രീകള്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നു. ഈ വിഷയത്തില്‍ പാര്‍ട്ടിയും താനും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ട്.

എന്നാല്‍, കേരളത്തിലെ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ താന്‍ പാര്‍ട്ടി നിലപാടിന് വഴങ്ങുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ശബരിമല വിഷയത്തില്‍ തന്റെ അഭിപ്രായം രാഹുല്‍ വ്യക്തമാക്കിയത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെ തള്ളുന്നതാണ് രാഹുലിന്റെ പ്രതികരണം.

അതേസമയം 10 മിനിറ്റ് ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ശബരിമലയില്‍ സന്ദര്‍ശനം നടത്താനെത്തിയ സ്ത്രീകള്‍ അതിനു മുതിര്‍ന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അവരുടെ ഉദ്ദേശ്യം അയ്യപ്പനെ കാണുക എന്നതല്ലായിരുന്നുവെന്നും ക്രമസമാധാനം തകര്‍ക്കാനാണ് അവരെത്തിയതെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങള്‍ക്ക് അയ്യപ്പനോട് ഒരു പ്രത്യേക സ്‌നേഹമുണ്ട്. അതിനെ നമ്മള്‍ ബഹുമാനിക്കണമെന്നും മന്ത്രി പറഞ്ഞു.