അമിത് ഷാ പറഞ്ഞത് സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് തന്നെയാണ്; പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തെറ്റില്ല; കണ്ണന്താനത്തെ തള്ളി മുരളീധരന്‍

single-img
30 October 2018

തിരുവനന്തപുരം: അമിത് ഷാ കേരളത്തില്‍ നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തെറ്റു സംഭവിച്ചിട്ടില്ലെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ വി. മുരളീധരന്‍. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ വിമര്‍ശനം വ്യക്തിപരമാണ്. കണ്ണന്താനം പരിഭാഷകനല്ല ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

അമിത് ഷാ പറഞ്ഞത് സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് തന്നെയാണ്. അതില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണ്. സര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ അസ്ഥിരപ്പെടുത്തുമെന്നല്ല അമിത് ഷാ പറഞ്ഞതെന്നും ജനശക്തിയില്‍ ഈ സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും മുരളീധരന്‍ വ്യക്തമാക്കി.

‘ആചാരങ്ങള്‍ തടയാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മടിക്കില്ല’ എന്നായിരുന്നു അമിത്ഷായുടെ പ്രസംഗം വി.മുരളീധരന്‍ പരിഭാഷപ്പെടുത്തിയത്. ജനാധിപത്യ രീതിയില്‍ അധികാരത്തിലെത്തിയ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങളാണ് അമിത്ഷാ ഉദ്ദേശിച്ചതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പരിഭാഷയില്‍ വന്ന തെറ്റാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനവും പറഞ്ഞത്.