നിര്‍മ്മാണപ്പിഴവ്, വീണ്ടും കാറുകള്‍ തിരിച്ചുവിളിച്ച് ഫോര്‍ഡ് ഇന്ത്യ

single-img
30 October 2018

ഡോറുകളില്‍ സംഭവിച്ച നിര്‍മ്മാണപ്പിഴവു പരിഹരിക്കാന്‍ 2014 മോഡല്‍ ഫിയെസ്റ്റ സെഡാനുകളെ ഫോര്‍ഡ് ഇന്ത്യ തിരിച്ചുവിളിക്കുന്നു. ഉടമകള്‍ക്ക് സമീപമുള്ള ഫോര്‍ഡ് ഡീലര്‍ഷിപ്പുകളില്‍ നിന്നും കാറിന് നിര്‍മ്മാണപ്പിഴവുണ്ടോയെന്നു പരിശോധിക്കാം.

നിര്‍മ്മാണപ്പിഴവു എത്രയധികം കാറുകളെ ബാധിച്ചെന്ന കാര്യത്തില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ മോഡലിന്റെ പഴക്കം കണക്കിലെടുത്തു മുഴുവന്‍ യൂണിറ്റുകളും പരിശോധിക്കാനുള്ള പുറപ്പാടിലാണ് ഫോര്‍ഡ്. എന്തായാലും തകരാര്‍ ഗുരുതരമല്ലെന്ന് ഫോര്‍ഡ് പറയുന്നു.

ഫിയെസ്റ്റയുടെ അവസാന പതിപ്പുകളില്‍ ഡോര്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫോര്‍ഡിന്റെ നടപടി. തകരാറുള്ള ഡോര്‍ ഘടകങ്ങള്‍ കമ്പനി സൗജന്യമായി മാറ്റി നല്‍കും. ഫോര്‍ഡ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയും കാറില്‍ നിര്‍മ്മാണപ്പിഴവുണ്ടോയെന്നു ഉടമകള്‍ക്ക് പരിശോധിക്കാം.

ഇതായിനായി വെബ്‌സൈറ്റില്‍ ഫീല്‍ഡ് സര്‍വീസ് ആക്ഷന്‍സ് എന്ന വിഭാഗത്തില്‍ ഉടമകള്‍ പ്രവേശിക്കണം. ശേഷം ഷാസി നമ്പര്‍ / വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ചു തിരിച്ചുവിളിച്ച പട്ടികയില്‍ സ്വന്തം കാറുമുണ്ടോയെന്നു ഉടമകള്‍ക്ക് കണ്ടെത്താം.

നിലവില്‍ ഫോര്‍ഡ് ഫിയെസ്റ്റ ഇന്ത്യയില്‍ വില്‍പനയിലില്ല. 7.69 ലക്ഷം രൂപയ്ക്കാണ് 2014 ഫോര്‍ഡ് ഫിയെസ്റ്റ വിപണിയില്‍ വന്നിരുന്നത്. ഫിയെസ്റ്റയിലുള്ള 1.5 ലിറ്റര്‍ TDCi ഡീസല്‍ എഞ്ചിന് 90 bhp കരുത്തും 204 Nm torque ഉം പരമാവധിയുണ്ട്. അഞ്ചു സ്പീഡാണ് കാറിലെ മാനുവല്‍ ഗിയര്‍ബോക്‌സ്.

2015 സെപ്തംബറില്‍ ഫിയെസ്റ്റ നിര്‍ത്തിയതിനുശേഷം സി സെഗ്മന്റ് നിരയില്‍ പുതിയ മോഡലിനെ കമ്പനി ഇതുവരെ കൊണ്ടുവന്നിട്ടില്ല. നിലവില്‍ ആസ്‌പൈര്‍ മാത്രമാണ് ഫോര്‍ഡ് ഇന്ത്യയുടെ സെഡാന്‍.