Kerala

‘വംശഹത്യ നടത്തി മനുഷ്യരെ കൊന്നുശീലമുള്ള താങ്കള്‍ കേരളത്തിലെ ആളുകളെ ചിരിപ്പിച്ചും കൊല്ലുന്നത് അതിക്രൂരമായിരിക്കും’: അമിത് ഷായ്ക്ക് തുറന്ന കത്തുമായി അഡ്വ. ജഹാംഗീര്‍

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ തലവന്‍ ശ്രീ. അമിത് ഷായ്ക്ക്,

1) മനുഷ്യരുടെ സ്വന്തം നാടായ കേരളത്തിലേക്കുള്ള താങ്കളുടെ വരവും, ഞങ്ങളുടെ ആതിഥേയത്വവുമൊക്കെ താങ്കള്‍ ആവോളം ആസ്വദിച്ചു എന്ന് കരുതട്ടെ. ഒരു തെറ്റിദ്ധാരണ തിരുത്തിക്കൊണ്ട് തുടങ്ങട്ടെ. ഞങ്ങളുടെ നാട്ടിലെ ബഹുഭൂരിപക്ഷം മനുഷ്യരും ഇപ്പോള്‍ ഒരു തെറ്റിദ്ധാരണയിലാണ്, അത് താങ്കളാണ് ഈ കൊച്ചു സംസ്ഥാനത്തിലെ ഒരു ചെറിയ വിമാനത്താവളമായ കണ്ണൂരില്‍ ആദ്യമായി ഇറങ്ങിയ യാത്രക്കാരന്‍ എന്നതാണ്. താങ്കളും അങ്ങിനെ ധരിക്കുന്നുണ്ടോ എന്നെനിക്കറിയില്ല, എന്തായാലും ആ ധാരണ തെറ്റാണ്. 2018 സെപ്തംബര്‍ 21 ന് ആറു യാത്രക്കാരെയും വഹിച്ചുകൊണ്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇന്‍ഡിഗോ വിമാനത്തില്‍ ഉണ്ടായിരുന്നവരാണ് ആദ്യമായി ആ വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാര്‍. .

2) വിഷയമതല്ല, പറയാന്‍ ശ്രമിക്കുന്നതുമതല്ല. മതവും വര്‍ഗ്ഗീയതയും, സാമുദായികകലാപവും, ദളിതരോടും കീഴാളരോടും, ന്യൂനപക്ഷങ്ങളോടുമുള്ള വെറുപ്പിനും മുകളില്‍ കെട്ടിപ്പടുത്തതാണ് താങ്കളുടെ പ്രസ്ഥാനം. വര്‍ഗ്ഗീയതയും, അപര പ്രത്യശാസ്ത്രങ്ങളോടുള്ള വിദ്വേഷവും, അസഹിഷ്ണുതയും, ഉന്മൂലന സിദ്ധാന്തവുമാണ് നിങ്ങളുടെ രാഷ്ട്രീയത്തിന്റെ കാതല്‍. നിങ്ങള്‍ തീവ്ര ഹൈന്ദവ ബ്രാഹ്മണ്യതയും, ഭരണഘടനാവിരുദ്ധതയും, ഇതരമത വിദ്വേഷവുമാണ് പ്രചരിപ്പിക്കുന്നത്, അതാണ് നിങ്ങളുടെ തുറുപ്പുചീട്ട്.

3) തിരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പാകുമ്പോള്‍…
റാഫേല്‍ പോലുള്ള അഴിമതിയില്‍ മാധ്യമ പൊതുജന വിചാരണ ഉണ്ടാകുമ്പോള്‍ …
ന്യൂനപക്ഷങ്ങളെ കൊന്നു തള്ളുമ്പോള്‍..
ഇന്ധനവില വര്‍ദ്ധന മനുഷ്യരെ ആത്മഹത്യയിലേക്ക് നയിക്കുമ്പോള്‍…
പ്രതിപക്ഷ നിരയില്‍ ഐക്യം ശക്തിപ്പെടുമ്പോള്‍ …
സ്വന്തം പാര്‍ട്ടിയില്‍ നേര് പറയുന്ന യശ്വന്ത് സിന്‍ഹമാരും, ശത്രുഘ്‌നന്‍ സിന്‍ഹമാരും എണ്ണത്തില്‍ കൂടുമ്പോള്‍ ….

ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എവിടെയെന്നു ചോദിക്കുമ്പോള്‍ ..
രാജ്യം സാമ്പത്തികമായി തകരുമ്പോള്‍ …
നോട്ട് നിരോധന ബഡായികള്‍ എല്ലാം അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോളിച്ചടുക്കുമ്പോള്‍…..

അടിയന്തിരമായി ഉപയോഗിക്കേണ്ട രാഷ്ട്രീയ ഉപകരണമാണ് മതവും വര്‍ഗ്ഗീയതയും. നിങ്ങളുടെ രാഷ്ട്രീയാചാര്യന്‍ ഗുരുജി ഗോള്‍വാര്‍ക്കര്‍ കണ്ടുപിടിച്ചതാണീ രാഷ്ട്രീയ കുടിലത..! ആ കുടിലത പ്രയോഗിക്കാനാണ് താങ്കള്‍ ഇപ്പോള്‍ കേരളത്തിലെത്തിയതെന്ന് അറിയാത്തവരായി മലയാളികളില്‍ ആരുമില്ല. ഈ ഘട്ടത്തില്‍ താങ്കളോട് ചില ചോദ്യങ്ങള്‍ ഉന്നയിക്കാതെ വയ്യ, ഒരു കേരളീയന്‍ എന്ന നിലയില്‍…

4) മിസ്റ്റര്‍ അമിത് ഷാ,
ഹൈന്ദവ ദര്‍ശനങ്ങളുമായി പുലബന്ധമില്ലാത്ത ജൈനമതക്കാരനായ ഗുജറാത്തിയായ താങ്കള്‍ക്ക്, തീവ്രദേശീയ ഹിന്ദുത്വ പാര്‍ട്ടി എന്നവകാശപ്പെടുന്ന ഹൈന്ദവ തീവ്രവാദികളുടെ പാര്‍ട്ടിയായ ബിജെപി യുടെ നേതാവാകാനുള്ള യോഗ്യതകള്‍ എന്താണ്.?! സവര്‍ണ്ണ ബ്രാഹ്മണ്യ ഫാഷിസത്തില്‍ കുമ്മനടിച്ചു കയറിയ ജൈനന് അധികാരമോഹവും ബിസിനസ് താല്‍പ്പര്യങ്ങളും അല്ലാതെ മറ്റെന്താണ് റോള്‍, മകന്റെ ബിസിനസ് സാമ്രാജ്യം വളര്‍ത്തുന്നതിനപ്പുറം എന്തൊക്കെയാണ് താങ്കളുടെ അതിമോഹങ്ങള്‍?!

5) ഈ രാജ്യത്ത് ഏതൊരു പൗരനും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള സഞ്ചാര സ്വാതന്ത്ര്യത്തിന്റെ (to move freely throughout the territory of India) ഭാഗമായാണ് താങ്കള്‍ കേരളത്തിലെത്തിയത്. ഞങ്ങളുടെ ആതിഥേയ മര്യാദയുടെ ഭാഗമായാണ് ഞങ്ങളുടെ മണ്ണിലെ ഒരു വിമാനത്താവളം താങ്കള്‍ക്കായി ഔപചാരിക ഉദ്ഘാടനത്തിന് മുന്നേ തുറന്നുതന്നത്. പക്ഷേ ലാലു പ്രസാദ് യാദവ് വിശേഷിപ്പിച്ചത് പോലെ നരഭോജി നേതാവായി ചരിത്രത്തിലിടം നേടാന്‍ ആഗ്രഹിക്കുന്ന താങ്കള്‍, ഞങ്ങളുടെ മണ്ണില്‍ കാലുകുത്തിയ ഉടനെ ചെയ്തത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട, ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ സര്‍ക്കാരിനെ വലിച്ചു താഴെയിറക്കുമെന്നാണ്. എന്നുവച്ചാല്‍ മേല്‍പ്പറഞ്ഞ ഭരണഘടനയുടെ നഗ്‌നമായ നിഷേധം. ഞാന്‍ ഒരു കഥയാവര്‍ത്തിക്കട്ടെ ശ്രീ അമിത് ഷാ…

6) ഒരു വനാന്തരത്തിനടുത്ത പുഴയോരത്ത് ഒരു ആമയും പാമ്പും ജീവിച്ചിരുന്നു. വര്‍ഷകാലം കൊടുമ്പിരിക്കൊണ്ട ദിനങ്ങളില്‍ ഇവരുടെ ജീവിതത്തിലേക്ക് പട്ടിണിയും പേമാരിയായി പെയ്തു. അനവധി ദിനങ്ങള്‍ മാളത്തില്‍ നിന്ന് പുറത്തുപോലും ഇറങ്ങാനാവാതെ രണ്ടുപേരും വിശപ്പിന്റെ ആസുരതയിലും സൗഹൃദം പങ്കിട്ടു.

തുടര്‍ച്ചയായി മഴ പെയ്തുകൊണ്ടിരിക്കുന്ന ദിവസങ്ങളിലൊന്നില്‍ പാമ്പ് അങ്ങേയറ്റം വിഷണ്ണനായി ആമയോട് പറഞ്ഞു …!

‘ഡാ… ഇന്നുംകൂടി ഭക്ഷണം കഴിച്ചില്ലെങ്കില്‍ ഞാന്‍ ചത്തുപോകും. എനിക്ക് വല്ലതും കഴിക്കാന്‍ ലഭിക്കണമെങ്കില്‍ പുഴയ്ക്കു അക്കരെ മനുഷ്യര്‍ താമസിക്കുന്ന ഗ്രാമത്തില്‍ പോകണം. പുഴയിലെ ഇപ്പോഴത്തെ വെള്ളത്തിന്റെ അവസ്ഥയില്‍ നീന്തി അക്കരെ കടക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ ഒഴുക്കില്‍പ്പെട്ട് ചാകാനാണ് സാധ്യത …. !’ പാമ്പ് വ്യഥയോടെ ഗദ്ഗദപ്പെട്ടു.

‘എഡാ… ഈ അവസ്ഥയില്‍ എനിക്ക് നിന്നെ എങ്ങിനെയാണ് സഹായിക്കാനാവുക ..? ഞാനും നിന്റെതിനു തുല്യമായ അവസ്ഥയിലല്ലേ…?!’ ആമ നിസ്സഹായതയില്‍ വിഷാദമഗ്‌നനായി .

‘അല്ല , എന്റെയും നിന്റെയും അവസ്ഥ വ്യത്യസ്തമാണ്… നിനക്ക് എത്രവലിയ പ്രളയത്തിലും നീന്താന്‍ സാധിക്കും. എന്നെപ്പോലെയല്ല നീ …’ കൌശലക്കാരനായ പാമ്പ് പാവം ആമയെ വാദിച്ചു വീഴ്ത്തി..

‘ആട്ടെ , ഞാനിപ്പോള്‍ എന്താണ് ചെയ്യേണ്ടത് ..?!’ ആമ സര്‍പ്പത്തിനു മുന്നില്‍ കൌതുകം കൊണ്ടു.

‘നീയെന്നെ നിന്റെ പുറത്തിരുത്തി പുഴയ്ക്കു അക്കരെ കൊണ്ട് ചെന്നാക്കണം . ഞാന്‍ ഗ്രാമത്തില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ പറ്റിയാല്‍ നിനക്കുള്ള ഭക്ഷണവും കൊണ്ടുവരാം..!’പാമ്പ് വാഗ്ദാനം ചെയ്തു .

പിന്‍വാങ്ങി പിന്നോട്ട് നടന്നുകൊണ്ട് ആമ മറുപടി പറഞ്ഞു ..!
‘ അതില്‍ യുക്തിയില്ല വിഷ സര്‍പ്പമേ .. ഒരു ശരീരം പോലെ പുഴ കടക്കുന്ന നമ്മുടെ യാത്രയില്‍ നീയെന്നെ കൊത്തില്ല എന്നതിന് എന്താണ് ഉറപ്പ് ..?! ഇപ്പോള്‍ എനിക്ക് വിശപ്പ് മാത്രമേയുള്ളൂ പ്രശ്‌നം. ഞാനെന്തിനു എന്റെ ജീവനും പ്രശ്‌നത്തിലാക്കണം ..?! മാത്രമല്ല എന്റെ മുത്തശ്ശന്‍മാര്‍ ആവര്‍ത്തിച്ചു ഉപദേശിച്ചിട്ടുള്ളത് ഉരഗ വര്‍ഗ്ഗത്തിലുള്ള ആരെയും വിശ്വസിക്കരുത്; ചതിക്കും, എന്നാണ്. എനിക്ക് നിന്നെ വിശ്വസിക്കാന്‍ കഴിയില്ല ..!’

സര്‍പ്പം ഊര്‍ജ്ജസ്വലനായി ആമയോട് വാദിക്കാന്‍ ഒരുങ്ങി ..!
‘നീ പറയുന്നത് മുഴുവന്‍ യുക്തിരഹിതമാണ്. നാം രണ്ടുപേരും ഒരേ അവസ്ഥയിലാണ് ഇപ്പോള്‍ . ഞാന്‍ പോകുന്നത് നിനക്ക് കൂടി ഭക്ഷണം തേടിയാണ്. ഈ യാത്രയ്ക്ക് പുഴ കടക്കാന്‍ എന്നെ സഹായിക്കുന്ന നിന്നെ ഞാന്‍ വിഷപ്പല്ലുകള്‍ കൊണ്ട് കൊത്തും എന്ന് നീ പറയുന്നത് ഭാവനാരാഹിത്യം കൂടിയാണ് ..! ഇപ്പോള്‍ നമ്മുടെ പ്രശ്‌നം വിശപ്പാണ്. രണ്ടുപേരും യോജിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇത് പരിഹരിക്കാന്‍ കഴിയൂ ..! ‘

എന്തായാലും അര്‍ദ്ധമനസ്സോടെ ആമ സര്‍പ്പത്തേയും പുറത്തിരുത്തി മദിച്ചോഴുകുന്ന പുഴ കടക്കാന്‍ തുടങ്ങി. പാതി ദൂരവും പിന്നിട്ടപ്പോള്‍ ആമയ്ക്ക് ഒരു ആത്മവിശ്വാസം തോന്നി. മുത്തശ്ശന്മാരുടെ വാക്കുകള്‍ കേട്ട് ഇവനെ ഞാന്‍ വെറുതെ തെറ്റിധരിച്ചതാവാം; ഇവനെന്നെ ഉപദ്രവിക്കാനൊന്നും പോകുന്നില്ല. ഇവനോട് അങ്ങിനെയൊക്കെ പറയേണ്ടിയിരുന്നില്ല. പക്ഷേ, കരയിലേക്ക് അടുക്കാന്‍ മീറ്ററുകള്‍ മാത്രമുള്ളപ്പോള്‍ സര്‍പ്പം തലയും കാലുകളും പുറത്തിട്ടു നീന്തുന്ന ആമയുടെ ശിരസ്സില്‍ ആഞ്ഞു കൊത്തി, പലവട്ടം.

ആമയുടെ പുറത്തുനിന്ന് കരയിലേക്ക് ഇഴയുന്ന സര്‍പ്പത്തോട് പ്രാണഭയത്തോടെ ആമ ചോദിച്ചു.

‘നീയെന്തു ചതിയനാണ്. നീയെന്റെ ജീവന്‍ അപകടത്തിലാക്കി. നീയീ ചെയ്തത് ക്രൂരതയല്ലാതെ, എന്ത് യുക്തിയാണ് ..?!’
കരയില്‍ നിന്ന് നാവു പുറത്തിട്ടു സീല്‍ക്കാരത്തോടെ സര്‍പ്പം അട്ടഹസിച്ചു ..!

‘നിന്റെ മുത്തശ്ശന്മാരാണ് ശരി. ഞങ്ങള്‍ വിഷപ്പാമ്പുകളുടെ പ്രവര്‍ത്തികളില്‍ യുക്തിയൊന്നും ഇല്ല. വിഷപ്പല്ലുകള്‍ കൊണ്ട് അരികില്‍ വരുന്നതിനെ ആക്രമിക്കുക ഞങ്ങളുടെ ഒരു ക്രൌര്യ മനോഭാവമാണ്. അതില്‍ യുക്തിയെ തിരയരുത് ..!’
തല കറങ്ങിക്കൊണ്ടിരുന്ന ആമ സര്‍പ്പത്തിന്റെ അവസാന വാക്കുകള്‍ കഴിഞ്ഞപ്പോള്‍ വെള്ളത്തിലേക്ക് മുങ്ങുന്നുണ്ടായിരുന്നു ..!

7) ഒരേസമയം ഭരണഘടനയുടെ സൗകര്യങ്ങള്‍ അനുഭവിക്കുകയും അതേസമയം അത് കത്തിക്കണമെന്ന മനോഭാവം വച്ചുപുലര്‍ത്തുകയും, ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ടു അധികാരത്തിലേറിയ ഒരു സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് ലജ്ജയില്ലാതെ പ്രഖ്യാപിക്കുകയും ചെയ്യുന്ന താങ്കളെ കണ്ടപ്പോള്‍ ഈ കഥയാണ് ഓര്‍മ്മ വന്നത്.

8) സ്വാതന്ത്ര്യ സമരം ഒറ്റുകൊടുത്ത ഹൈന്ദവ തീവ്രവാദികള്‍ മുതല്‍, പഴയ ജനസംഘത്തിന്റെ ക്രൌര്യങ്ങള്‍ തൊട്ട് ഗാന്ധിവധം, ബാബറി മസ്ജിദ് ധ്വംസനം, ഗുജറാത്ത് വംശഹത്യ വരെ ഈ രാജ്യം താങ്കളുടെ പ്രത്യയശാസ്ത്രത്തിന്റെ കുടിലതകളുടെ ഭാഗമായി കണ്ടതാണ്. ഇപ്പോള്‍ ഇന്ധന വിലവര്‍ദ്ധനവും, കാര്‍ഷിക വിലത്തകര്‍ച്ചയും, കോര്‍പ്പറേറ്റ് ദാസ്യവും, വികലമായ സാമ്പത്തിക പരിഷ്‌ക്കാരവുംകൊണ്ട് വോട്ട് ചെയ്തു തിരഞ്ഞെടുത്തയച്ച സ്വന്തം ജനതയെ പട്ടിണിയിലേക്കും, മരണത്തിലേക്കും വിഷപ്പല്ലുകള്‍ ആഴ്ത്തി പറഞ്ഞയക്കുന്നു താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന ഫാഷിസം…!!

9) ‘ഫാഷിസം എപ്പോഴും ജനപദങ്ങള്‍ക്കുമേല്‍ ഭീതിയുടെ വലിയ പുതപ്പുകള്‍ വിരിക്കും. ആ പുതപ്പുകള്‍ എടുത്തുകളഞ്ഞ് തെരുവുകളെ സംവാദാത്മകമാക്കി മാറ്റുകയല്ലാതെ മറ്റൊരു നിര്‍വാഹവുമില്ല’ എന്ന് പറഞ്ഞത് ഞങ്ങളുടെ നാട്ടിലെ മഹാനായ രാഷ്ട്രീയ ദാര്‍ശനികന്‍ സഖാവ് പ്രൊഫ എം.എന്‍. വിജയന്‍ മാഷാണ്. താങ്കളുടെ അല്‍പ്പത്തരം നിറഞ്ഞ പ്രസംഗം കേട്ടപ്പോള്‍ അതാണ് ഓര്‍മ്മ വന്നത്.

10) മിസ്റ്റര്‍ അമിത് ഷാ,
സ്ത്രീസമത്വവും സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതുമായ ചരിത്രപരമായ ഒരു വിധിയും അതിന്റെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട അസംബന്ധ നാടകങ്ങളിലൂടെയുമാണ് ഞങ്ങളുടെ സംസ്ഥാനം ദിവസങ്ങളായി കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. മതപരമായ വിശ്വാസാചാരങ്ങളുടെ ധാര്‍മ്മികതയും, കീഴ്വഴക്കങ്ങളുടെയും,വേദോപനിഷത്തുകളുടെയും ധാര്‍മ്മികതയും, ഭരണഘടനാ ധാര്‍മികതയും ഏറ്റുമുട്ടുമ്പോള്‍, ഭരണഘടനയും നിയമവാഴ്ചയും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഭരണഘടനാ ധാര്‍മ്മികതയാണ് നിലനില്‍ക്കുക എന്നത് താങ്കള്‍ക്ക് അറിവില്ലാത്തതാണോ?! ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ താങ്കളുടെ പാര്‍ട്ടി സ്വാഗതം ചെയ്തതായിരുന്നില്ലേ? പിന്നീടിപ്പോള്‍ എങ്ങിനെയാണ് കേരള സംസ്ഥാനത്തെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന പേക്കൂത്തുകള്‍ക്കും, തെരുവ് യുദ്ധങ്ങള്‍ക്കും, സമരാഭാസങ്ങള്‍ക്കും പിന്തുണ നല്‍കിക്കൊണ്ട് താങ്കള്‍ ഈ സംസ്ഥാനം സന്ദര്‍ശിക്കുന്നത്. ഇരുട്ടിവെളുക്കുമ്പോള്‍ നിലപാട് മാറ്റുന്ന താങ്കളുടെ സംസ്ഥാന അദ്ധ്യക്ഷന്‍ , അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍ പിള്ളയെ താങ്കള്‍ ശാസിക്കാത്തത് എന്തുകൊണ്ടാണ്?!

11) ശബരിമല വിഷയം ആഴത്തില്‍ പഠിച്ച ശേഷമാണ് സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധി പ്രസ്താവിച്ചത്. ഭരണഘടനയുടെ വിവിധ വകുപ്പുകള്‍ അഞ്ചംഗ ബഞ്ച് വിശദമായി പരിശോധിച്ചിട്ടുണ്ട്. ആളുകളുടെ മതപരമായ അവകാശം, ആചാരപരമായ അവകാശം എന്നിവ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശവുമായി ഏറ്റുമുട്ടുന്നു എന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു അന്തിമ വിധി പരമോന്നത നീതിപീഠം പുറപ്പെടുവിച്ചത്. അതുകൊണ്ട് തന്നെ ഇതിനെതിരെ നല്‍കുന്ന പുനഃപരിശോധനാ ഹര്‍ജി ഒരു കാരണവശാലും നിലനില്‍ക്കില്ല. പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിലൂടെ നിയമപരമായ ഒരു അവകാശം വിനിയോഗിക്കുക എന്നതിലുപരി മറ്റൊന്നും സംഭവിക്കാനില്ല എന്ന് താങ്കള്‍ക്കും നിയമോപദേശം ലഭിച്ചിട്ടുണ്ടാകും. എന്നിട്ടും സംഘപരിവാര്‍ ശക്തികള്‍ കേരളം കലാപഭൂമിയാക്കാന്‍ നിലയുറപ്പിച്ചുകൊണ്ട് നടത്തുന്ന ഈ സമരാഭാസം എന്തിനാണ് എന്നതാണ് ഞങ്ങള്‍ മലയാളികളുടെ കാതലായ ചോദ്യം.!

12) സ്ത്രീയേയും പുരുഷനേയും തുല്യരായി കാണുന്ന വിധിയെ പൂര്‍ണമായും അനുകൂലിക്കുന്ന നിലപാടാണ് രാജ്യവും ബഹുഭൂരിപക്ഷം കേരളീയരും താങ്കളുടെ പ്രസ്ഥാനത്തിലെ അരുണ്‍ ജെയ്റ്റ്‌ലി മുതല്‍ മേനകാ ഗാന്ധി തുടങ്ങി സുബ്രഹ്മണ്യന്‍ സ്വാമി വരെയുള്ള സംഘപരിവാര്‍ നേതാക്കള്‍ പോലും സ്വീകരിച്ചിരിക്കുന്നത്. ഒരു ആരാധനാ വിഷയത്തിലും സ്ത്രിയെ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാകില്ല എന്ന് സുപ്രീംകോടതി അടിവരയിടുന്നു. ഒരുപടികൂടി കടന്ന് അയ്യപ്പന്റെ ബ്രഹ്മചര്യം ലിംഗസമത്വം ആഗ്രഹിക്കുന്ന സ്ത്രീകളുടെ ചിലവില്‍ നടപ്പിലാക്കേണ്ട ഒന്നല്ല എന്നുകൂടി ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതുന്നു. ആവര്‍ത്തിക്കട്ടെ, വിഷയങ്ങള്‍ വിശദമായി പഠിച്ച ശേഷമാണ് കോടതി ഈ കേസില്‍ വിധി പറഞ്ഞത്. മുമ്പ് പലപ്പോഴും ചെറുപ്പക്കാരികളായ സ്ത്രീകള്‍ ചോറൂണിനും, സിനിമാ ഷൂട്ടിങ്ങിനും, ഉന്നതരുടെ ഭാര്യമാര്‍ എന്ന സൗജന്യത്തിലുമെല്ലാം ശബരിമലയില്‍ പോയതിന്റെ ഫോട്ടോ അടക്കം രേഖകള്‍ കോടതി പരിശോധിച്ചിരുന്നു. സമൂഹത്തിലെ ഉന്നതതലങ്ങളില്‍ ഉള്ളവര്‍ക്ക് മാത്രം പോകാന്‍ കഴിയുകയും ഭൂരിപക്ഷം വരുന്ന മറ്റുള്ളവര്‍ മാറി നില്‍ക്കുകയും ചെയ്യണമെന്നത് ശഠിക്കുന്ന ഫാഷിസ്റ്റ് ബോധ്യത്തിലേക്ക് രാജ്യത്തെ നയിക്കുവാനാണോ താങ്കളുടെ പാര്‍ട്ടി ഈ രാജ്യം ഭരിക്കുന്നത് ?!

13) ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിക്കുന്ന ആചാരം ഇന്ത്യന്‍ ഭരണഘടനയുടെ സമത്വാശയങ്ങള്‍ക്കും സാമൂഹിക നീതിയുടേയതായ ദര്‍ശനങ്ങള്‍ക്കും ഇണങ്ങുന്നതാണോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. ഇതിന് ശബരിമല ദേവസ്വം ബോര്‍ഡിന്റെയും ശബരിമല തന്ത്രിയുടെയും സര്‍ക്കാറിന്റെയും ഈ കേസില്‍ കക്ഷി ചേര്‍ന്ന എല്ലാവരുടെയും വാദങ്ങളും അവര്‍ ഹാജരാക്കിയ രേഖകളും എല്ലാം പരിശോധിക്കപ്പെട്ടിട്ടുണ്ട്. അത്തരമൊരു പരിശോധനയിലൂടെ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന് കണ്ടെത്താന്‍ കഴിഞ്ഞത് ശബരിമലയില്‍ സ്ത്രീകള്‍ക്ക് ക്ഷേത്ര പ്രവേശം നിഷേധിച്ചുകൊണ്ടുള്ള ആചാരം ചരിത്രമപരമല്ലെന്നും മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ്. ആ വിധിയെ ബഹുമാനിക്കാനും ആദരിക്കാനും താങ്കള്‍ക്ക്, താങ്കളുടെ പാര്‍ട്ടിക്ക് ബാധ്യതയില്ലേ?!

14) ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള കോടതി വിധിക്ക് എതിരെ ഭക്തരെ ഇളക്കിവിടാന്‍ ആസൂത്രിതമായ നീക്കം നടത്തുന്ന താങ്കള്‍ അടക്കമുള്ള ബിജെപി നേതാക്കളും ആര്‍എസ്എസും നേരത്തെ ശബരിമല ഉള്‍പ്പെടെ ക്ഷേത്രങ്ങളില്‍ സ്ത്രീ പ്രവേശനമാകാമെന്ന് നിലപാടെടുത്തവരാണ്. ആര്‍എസ്എസിന്റെ ഉപമേധാവി ഭയ്യാജി ജോഷി തന്നെ സ്ത്രികളുടെ ക്ഷേത്ര പ്രവേശനത്തെ പിന്തുണച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട് എന്നത് താങ്കള്‍ കാണാത്തതാണോ?! അങ്ങനെ വരുമ്പോള്‍, ഇപ്പോള്‍ കോടതി വിധിയുടെ പേരില്‍ വൈകാരിക ക്ഷോഭങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിന്റെ അജണ്ട ഹിന്ദുത്വ ധ്രുവീകരണമാണെന്ന് ഞങ്ങള്‍ മലയാളികള്‍ക്കെങ്കിലും കാണാന്‍ കഴിയും.!

15) പ്രിയപ്പെട്ട അമിത് ഷാ,

ഇനി കഴിഞ്ഞ ചില ഓര്‍മ്മകള്‍ ബാക്കിയാവുന്നത് കൂടി പറയാം ,
ഗുജറാത്തിലെ കലാപ കഥകള്‍, അതില്‍ ഫാഷിസ്റ്റ് ശക്തികളുടെ സംശയാതീതമായ പങ്ക്, അവിടുത്തെ തേങ്ങലുകള്‍, അനാഥത്വങ്ങള്‍, പ്രസവിച്ചു ഭൂമിയില്‍ വരാന്‍ പോലും അവകാശം നിഷേധിക്കപ്പെട്ട് ഭ്രൂണാവസ്ഥയില്‍ അവസാനിപ്പിക്കപ്പെട്ടവര്‍, ക്രൂരമായ ബാലാല്‌സന്ഗത്തിന് വിധേയരായ സ്ത്രീകള്‍ , പെണ്‍കുട്ടികള്‍ …. ഞാന്‍ ആവര്‍ത്തിക്കുന്നില്ല; ഭാരത മനസ്സാക്ഷി തവണകള്‍ ആവര്‍ത്തിച്ച് തേങ്ങിമരവിച്ച കൊടുംക്രൂരതയുടെ കഥകള്‍. പക്ഷേ അത്തരം ഒരു മണ്ണായി കേരളത്തെ മാറ്റിയെടുക്കാമെന്ന താങ്കളുടെ അമിതാത്മവിശ്വാസത്തിന് ഞങ്ങള്‍ കേരളീയരുടെ ആദരാഞ്ജലി.

16) കാരണം ചട്ടമ്പി സ്വാമികള്‍ മുതല്‍ മഹാത്മാ അയ്യങ്കാളി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ശ്രീനാരായണ ഗുരു തുടങ്ങി ഈ എം എസ് വരെയുള്ളവരുടെ നാടാണ് കേരളം. ഇവരെല്ലാം സാംസ്‌കാരിക നവോഥാനം നടത്തി ഉഴുതുമറിച്ച മണ്ണാണ് ഞങ്ങളുടെ മതേതര കേരളം. ഈ മണ്ണില്‍ നിങ്ങളുടെ ഫാഷിസ്റ്റ് ക്രൗര്യ രാഷ്ട്രീയത്തിന് ഇടമുണ്ടെന്നു കരുതുന്ന വിഡ്ഢിത്തത്തോട് സഹതാപംമാത്രം.

17) ഏറ്റവും ഒടുവിലായി മതസൗഹാര്‍ദ്ദത്തോടെയും സ്‌നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കുന്ന ഒരു മഹാപ്രളയത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഞങ്ങളുടെ മണ്ണില്‍ വന്ന് താങ്കള്‍ ചെയ്ത ചില കുറ്റകൃത്യങ്ങളെക്കുറിച്ചുകൂടി ഓര്‍മ്മിപ്പിക്കാതെ വയ്യ.
1) ബഹുമത സമൂഹങ്ങള്‍ സ്‌നേഹത്തോടെ ജീവിക്കുന്ന ഒരു സംസ്ഥാനത്തെത്തി അവിടുത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 504 പ്രകാരം താക്കള്‍ക്കെതിരെ കേസെടുക്കേണ്ടതാണെന്നറിയില്ലേ?!
2) അഞ്ചംഗ സുപ്രീംകോടതി ബഞ്ചിന്റെ ചരിത്രപരമായ വിധിയുടെ ലംഘനത്തിന്, വര്‍ഗ്ഗീയത കലര്‍ത്തി എതിര്‍ത്തു സംസാരിച്ചതിന് Contempt of Courts Act, 1971 പ്രകാരം രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ തലവനെന്ന നിലയില്‍ താങ്കള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കേണ്ടതാണെന്നറിയില്ലേ?!
3) ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാന നിലയുള്ള ഞങ്ങളുടെ സംസ്ഥാനത്തെത്തി കലാപാഹ്വാനം നടത്തിയതിന് ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 153 A പ്രകാരം താങ്കള്‍ക്കെതിരെ കേസെടുക്കേണ്ടതാണെന്നറിയില്ലേ?!
4) ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട, ഭരണഘടനാപരമായി അധികാരത്തിലേറിയ ഒരു സംസ്ഥാന സര്‍ക്കാരിനെ ഭരണഘടനാവിരുദ്ധമായി പിരിച്ചുവിടും എന്ന് ഭീഷണിപ്പെടുത്തിയതിനു കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ തലവനെതിരെ Indian Constitution നിലെ അനുച്ഛേദങ്ങളുടെ ലംഘനത്തിന് കേസെടുക്കേണ്ടതാണെന്നറിയില്ലേ?!
5) സാമുദായിക കലാപം ഇളക്കിവിടുന്ന രൂപത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന് ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍സ് 153A, 295 & 295A, 505 എന്നീ വകുപ്പുകള്‍പ്രകാരം താങ്കള്‍ക്കെതിരെ കേസെടുക്കേണ്ടതാണെന്നറിയില്ലേ?!

18) ശ്രീ അമിത് ഷാ, ‘അടുത്ത തവണ കേരളത്തില്‍ ഭരണം പിടിക്കും’ എന്നത് പോലുള്ള ഡയലോഗുകള്‍ ബിജെപി ആപ്പീസില്‍മാത്രം വളരെ ശബ്ദം താഴ്ത്തി പതുക്കെ പറയണം. എങ്ങനെ പറയണം, വളരെ പതുക്കെ പറയണം ..കെട്ടോ..! കാരണം കേരളം വേറൊരു രാഷ്ട്രമാണ്; കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഞങ്ങള്‍ സൌരയൂഥത്തിലെ സവിശേഷകരമായ ഒരു ഗ്രഹമാണ്. വംശഹത്യ നടത്തി മനുഷ്യരെ കൊന്നുശീലമുള്ള താങ്കള്‍, കേരളത്തിലെ ആളുകളെ ചിരിപ്പിച്ചും കൊല്ലുന്നത് അതിക്രൂരമായിരിക്കും എന്ന് മാത്രം ഓര്‍മ്മിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ..!!

താങ്കള്‍ക്കു മുകളിലെ ആകാശം നിറയെ സ്‌നേഹാദരവുകളോടെ,
നികുതിദായകനും ഭരണഘടന വേദപുസ്തകമായി കരുതുന്നവനുമായ ഒരു പൗരന്‍,

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍