അമ്മയ്ക്കും മൂന്നു സഹോദരിമാര്‍ക്കുമൊപ്പം രാത്രി വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പതിനേഴുകാരിയെ വലിച്ചിഴച്ചു കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി

single-img
29 October 2018

പാനിപത്തിനടുത്ത് സനോലിയിലാണ് രാജ്യത്തെ നടുക്കുന്ന സംഭവം ഉണ്ടായത്. രാത്രിഭക്ഷണത്തിനു ശേഷം അമ്മയ്ക്കും മൂന്നു സഹോദരിമാര്‍ക്കുമൊപ്പം ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ രാത്രി പതിനൊന്നു മണിയോടെ രണ്ടുപേര്‍ മുറിയില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.

പിന്നീട് അടുത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോയി എട്ടുപേര്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ടു മണിക്കൂറിനു ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ വീടിനു പുറത്ത് ഉപേക്ഷിച്ചിച്ച ശേഷം കടന്നു. ഇക്കാര്യം പുറത്തറിയിക്കരുതെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

വെള്ളിയാഴ്ച നടന്ന സംഭവത്തെ കുറിച്ച് പെണ്‍കുട്ടി അമ്മയോട് പറഞ്ഞതറിഞ്ഞ പ്രതികള്‍ വീട്ടിലെത്തി പോലീസില്‍ പരാതിപ്പെടരുതെന്ന് വീണ്ടും ഭീഷണിപ്പെടുത്തി. ഇവര്‍ പോയ ഉടന്‍ വീട്ടുകാര്‍ പെണ്‍കുട്ടിയുമായെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിക്കറിയാവുന്ന ആറു പേര്‍ക്കെതിരെയും മറ്റു രണ്ടുപേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.