സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലം; ഫോങ്പുയി അഥവാ നീലപര്‍വതം.

single-img
28 October 2018


വടക്കു കിഴക്കന്‍ ഇന്ത്യയിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മിസോറാം.മിസോറാമില്‍ എത്തിയാല്‍ സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമുണ്ട്, ഫോങ്പുയി അഥവാ നീലപര്‍വതം. ലുഷായ് മലനിരകളില്‍ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് ഫോങ്പുയി. അര്‍ധവൃത്താകൃതിയിലുള്ള കിഴക്കാംതൂക്കായ മലഞ്ചെരിവുകളാണ് ഇവിടുത്തെ പ്രത്യേകത. സമുദ്രനിരപ്പില്‍ നിന്നും 2157 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഫോങ്പുയി മിസോറാമിലെ ഏറ്റവും ഉയരമേറിയ പര്‍വതങ്ങളിലൊന്നാണ്.കാടും വെള്ളച്ചാട്ടങ്ങളും ഗുഹകളും ഹില്‍ സ്റ്റേഷനുകളും ഒക്കെയായി യാത്രികരെ ആകര്‍ഷിക്കുന്ന ഇവിടെ വിനോദസഞ്ചാരികള്‍ക്ക് അറിയാത്ത ഒട്ടേറെ സ്ഥലങ്ങളുണ്ട്.
തലസ്ഥാനമായ ഐസ്വാളില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഫോങ്പുയി ദേശീയോദ്യാനമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

മിസോറാം ഗോത്രവര്‍ഗക്കാരെ സംബന്ധിച്ചെടുത്തോളം അവരുടെ ദൈവങ്ങള്‍ വസിക്കുന്ന ഇടം കൂടിയാണിത്


നാടോടി കഥകളുടെയും നാടോടി വിശ്വാസങ്ങളുടെയും പഴമപേറുന്ന പര്‍വതംകൂടിയാണിത്.പര്‍വതങ്ങളില്‍നിന്നുള്ള മഞ്ഞ് ഈ പ്രദേശത്തെയാകെ എല്ലായ്‌പ്പോഴും പൊതിഞ്ഞു നില്‍ക്കും. ഫോങ്പുയി ദേശീയോദ്യാനത്തിനകത്തായാണ് ഫോങ്പുയി മലനിരകള്‍ സ്ഥിതി ചെയ്യുന്നത്.മലമേടുകളില്‍ കാണപ്പെടുന്ന പ്രത്യേകതരം ആടുകളാണ് ഇവിടുത്തെ താമസക്കാര്‍. വംശനാശഭീഷണി നേരിടുന്ന സസ്യ വര്‍ഗങ്ങള്‍ മുതല്‍ കടുവ, കരടി, പുള്ളിപ്പുലികള്‍ തുടങ്ങിയവയെ ഇവിടെ കാണാം. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്തു മാത്രമേ മിസോറാം സര്‍ക്കാര്‍ ഫോങ്പുയി മലകളിലേക്ക് പ്രവേശനം അനുവദിക്കാറുള്ളൂ.