Crime

ആ ഒറ്റ ഫോണ്‍കോള്‍; 15 വര്‍ഷത്തെ ആള്‍മാറാട്ടം പൊളിഞ്ഞു; ഭാര്യയെ കൊലപ്പെടുത്തിയ മലയാളിയെ പിടികൂടിയത് നാടകീയമായി

കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മലയാളി 15 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. പ്രമുഖ ഐടി സ്ഥാപനത്തില്‍ ആള്‍മാറാട്ടം നടത്തി സീനിയര്‍ മാനേജരായി ജോലി ചെയ്തുവന്ന തരുണ്‍ ജിനരാജി (42) നെയാണ് അഹമ്മദാബാദ് പൊലീസ് ബെംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തത്.

തൃശൂര്‍ വിയ്യൂര്‍ സ്വദേശി ഒ.കെ. കൃഷ്ണന്‍–യാമിനി ദമ്പതികളുടെ മകളും ബാങ്ക് ഉദ്യോഗസ്ഥയുമായ സജ്‌നി( 26)യെ 2003 ഫെബ്രുവരി 14ന് അഹമ്മദാബാദിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കേവലം മൂന്നുമാസം നീണ്ട ദാമ്പത്യജീവിതത്തിനൊടുവിലാണ് അയാള്‍ ഭാര്യയെ കൊന്നുകളഞ്ഞത്.

മോഷണത്തിനിടെ നടന്ന ഒരു കൊലപാതകമായി സംഭവത്തെ വരുത്തിത്തീര്‍ത്ത് അയാള്‍ നാടുവിട്ടു. പിന്നീട് ആരെയും അമ്പരിപ്പിക്കുന്ന ആള്‍മാറാട്ടം. ബാസ്‌ക്കറ്റ്‌ബോള്‍ പരിശീലനകനായി ജോലിചെയ്തിരുന്ന അയാള്‍ പേരും മേല്‍വിലാസവുമൊക്കെ മാറ്റിയ ശേഷമാണ് ബംഗലൂരുവില്‍ ജീവിതമാരംഭിച്ചത്.

ആറുവര്‍ഷമായി ബംഗലൂരുവില്‍ താമസിക്കുന്ന തരുണ്‍ തന്റെ യഥാര്‍ഥ പേരും വിവരങ്ങളും ഒളിപ്പിച്ചുകൊണ്ടാണ് രണ്ടാമത് വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് രണ്ടു കുട്ടികളുണ്ട്. പക്ഷേ, അമ്മയുടെ മൊബൈലിലേക്കുള്ള ഒരൊറ്റ ഫോണ്‍കോളോടെ തരുണ്‍ ജിന്‍രാജ് എന്ന കൊലയാളിയുടെ നാടകം പൊളിഞ്ഞു.

അങ്ങനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് വര്‍ഷങ്ങളായി അന്വേഷണം നടത്തിയിരുന്ന സജിനി കൊലക്കേസിലെ പ്രതി 15 വര്‍ഷത്തിനുശേഷം പിടിയിലായി. ഇയാളെ വ്യാഴാഴ്ചയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് കണ്ടെത്തി അഹമ്മദാബാദിലെത്തിച്ചത്. 14 വര്‍ഷമായി പ്രതിക്കായി അന്വേഷണം നടത്തിയ പൊലീസ് തരുണിന്റെ അമ്മ അന്നമ്മയെ ചോദ്യം ചെയ്തിരുന്നു. സ്ഥിരമായി അന്നമ്മ നടത്തുന്ന യാത്രകളും അവരുടെ ഫോണിലേക്ക് വരുന്ന കോളുകളുമാണ് പൊലീസിന് പ്രതിയെപ്പറ്റിയുള്ള സൂചന നല്‍കിയത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

തൃശൂര്‍ സ്വദേശികളായ കൃഷ്ണന്‍ യാമിനി ദമ്പതികളുടെ മകളും ബാങ്ക് ജീവനക്കാരിയുമായിരുന്ന സജിനി(26)യെ 2003 ഫെബ്രുവരി 14നാണ് അഹമ്മബദാബാദിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കാമുകിയോടൊപ്പം ജീവിക്കാനായി ഭര്‍ത്താവ് തരുണ്‍ ജിന്‍രാജ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

എന്നാല്‍ കവര്‍ച്ചാശ്രമത്തിനിടെ സജിനി കൊല്ലപ്പെട്ടെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇയാള്‍ ശ്രമിച്ചത്. വീട്ടിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട് കവര്‍ച്ച നടന്നതിന് തെളിവുണ്ടാക്കാനും ശ്രമിച്ചു. പക്ഷേ, സജിനിയുടെ മാതാപിതാക്കളുടെയും പോലീസിന്റെയും സംശയം കായികാധ്യാപകനായ തരുണിലേക്ക് നീണ്ടതോടെ ഇയാള്‍ അഹമ്മദാബാദില്‍നിന്നും മുങ്ങി.

പ്രണയദിന സമ്മാനമായി സജിനിയെ കൊലപ്പെടുത്തിയെന്ന് തരുണ്‍ കാമുകിയെ വിളിച്ചറിയിച്ചെങ്കിലും കൊലപാതക വിവരമറിഞ്ഞ് യുവതി ഞെട്ടി. ഒരു കൊലക്കേസ് പ്രതിയോടൊപ്പം ജീവിക്കാനില്ലെന്ന് കാമുകി ഉറച്ചുപറഞ്ഞതോടെ തരുണ്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.

ഇതിനിടെ കോളേജില്‍ തന്റെ ജൂനിയറായി പഠിച്ച പ്രവീണ്‍ ഭട്ട്‌ലെ എന്നയാളുടെ സര്‍ട്ടിഫിക്കറ്റുകളും സ്വന്തമാക്കി. ജോലി നല്‍കാമെന്ന് പറഞ്ഞാണ് പ്രവീണ്‍ ഭട്ട്‌ലെയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൈക്കലാക്കിയത്. തുടര്‍ന്ന് പ്രവീണ്‍ ഭട്ട്‌ലെ എന്ന പേരില്‍ മറ്റു വ്യാജരേഖകളും നിര്‍മിച്ചു.

ഡല്‍ഹിയിലും പൂണെയിലും പ്രമുഖ ഐടി കമ്പനിയില്‍ ജോലി ചെയ്തു. 2009ല്‍ പൂണെയിലെ സഹപ്രവര്‍ത്തകയായിരുന്ന യുവതിയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ടുമക്കളുണ്ട്. കേരളത്തില്‍ കുടുംബവേരുകളുള്ള ജിന്‍രാജ് അന്നമ്മ ദമ്പതികളുടെ മകനായ തരുണ്‍ മാതാപിതാക്കള്‍ മരണപ്പെട്ടെന്ന് കള്ളംപറഞ്ഞാണ് പൂണെ സ്വദേശിനിയെ വിവാഹം കഴിച്ചത്.

ഭാര്യയോടുപോലും തന്റെ യഥാര്‍ഥവ്യക്തിത്വം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് തരുണും കുടുംബവും ബെംഗളൂരുവിലേക്ക് താമസംമാറി. പ്രമുഖ ഐടി കമ്പനിയില്‍ സീനിയര്‍ മാനേജറായി. വര്‍ഷം ഇരുപതുലക്ഷത്തിലേറെ രൂപ ശമ്പളം വാങ്ങി ആഡംബര ഫഌറ്റില്‍ സുഖജീവിതം നയിച്ചു. ഇതിനിടെ അകന്ന ബന്ധുവെന്ന പേരില്‍ മകനെ കാണാനായി അന്നമ്മ ഇടയ്ക്കിടെ ബെംഗളൂരുവിലെത്തുകയും ചെയ്തു.

പ്രതി മുങ്ങിയതോടെ അന്വേഷണം നിലച്ച സജിനി കൊലക്കേസ് 2012ലാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. സജിനിയുടെ മാതാപിതാക്കളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചു. അന്നമ്മയെ കേന്ദ്രീകരിച്ച് തുടങ്ങിയ അന്വേഷണത്തില്‍ യാതൊരും തുമ്പും ലഭിക്കാതെ പോലീസ് സംഘം കുഴങ്ങി.

ഇതിനിടെ അന്നമ്മയുടെ ബെംഗളൂരു യാത്രകള്‍ ശ്രദ്ധയില്‍പ്പെട്ടത് നിര്‍ണായകമായി. ഫോണ്‍കോളുകളും പരിശോധിച്ചു. ഇതോടെയാണ് ബെംഗളൂരുവിലെ ലാന്‍ഡ്‌ലൈന്‍ നമ്പറില്‍നിന്നുള്ള ഫോണ്‍കോള്‍ പോലീസിന്റെ കണ്ണിലുടക്കിയത്. ബെംഗളൂരുവിലെ പ്രമുഖ ഐടി സ്ഥാപനത്തിന്റെ ലാന്‍ഡ്‌ലൈന്‍ നമ്പറില്‍നിന്ന് കോളുകള്‍ വരുന്നത് സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിലെത്തി അന്വേഷണം നടത്തിയെങ്കിലും ആറായിരത്തോളം പേര്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ തരുണ്‍ജിന്‍രാജ് എന്നയാളെ മാത്രം കണ്ടെത്താനായില്ല.

അന്നമ്മയുടെ ഫോണ്‍കോളുകള്‍ക്കൊപ്പം ഇവരുടെ ബെംഗളൂരു യാത്രയും കേസന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായി. പൂണെ സ്വദേശിനിയായ നിഷ എന്ന യുവതിയുടെ വീട്ടിലേക്കാണ് അന്നമ്മ പോകുന്നതെന്ന് പോലീസിന് പിടികിട്ടി. ഇവരുടെ ഭര്‍ത്താവ് ഐടി കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നും തിരിച്ചറിഞ്ഞു.

പക്ഷേ, അപ്പോഴും പ്രവീണ്‍ ഭട്ട്‌ലെ എന്ന പേരില്‍ അന്വേഷണം വഴിമുട്ടി. തുടര്‍ന്ന് ബെംഗളൂരുവിലെ സഹപ്രവര്‍ത്തകരെ ചിത്രം കാണിച്ചാണ് തരുണ്‍ ജിന്‍രാജ് തന്നെയാണ് പ്രവീണ്‍ ഭട്ട്‌ലയെന്ന് പോലീസ് ഉറപ്പിച്ചത്. കായികാധ്യാപകനായിരിക്കെ വിരലിന് പരിക്കേറ്റതിനാല്‍ ഈ അടയാളവും പ്രതിയെ തിരിച്ചറിയാന്‍ സഹായകമായി. തുടര്‍ന്ന് ഐടി സ്ഥാപനത്തിലെത്തി ക്രൈംബ്രാഞ്ച് സംഘം തരുണ്‍ ജിന്‍രാജിനെ അറസ്റ്റ് ചെയ്തു. 15 വര്‍ഷം എല്ലാവരെയും കബളിപ്പിച്ച് പാവം ഓഫീസറെന്ന് അറിയിപ്പെട്ടിരുന്ന തരുണ്‍ ജിന്‍രാജ് അഴിക്കുള്ളിലേക്ക്.