നവംബര്‍ ഒന്നുമുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

single-img
27 October 2018

തിരുവനന്തപുരം: നവംബര്‍ ഒന്നിന് പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ്സുടമകള്‍ ഗതാഗത മന്ത്രി ഏ.കെ.ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ചാര്‍ജ് വര്‍ധന പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു.

ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി. വാഹന നികുതിയില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണം. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണം. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ചില്‍ നിന്ന് 2.5 കിലോമീറ്ററാക്കണം, വിദ്യാര്‍ത്ഥി ചാര്‍ജ് മിനിമം അഞ്ച് രൂപയാക്കണം എന്നിവയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങള്‍.

ഈ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ പറ്റിയില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ക്കുള്ള ഡീസല്‍ വിലയില്‍ ഇളവ് നല്‍കണം. സ്വകാര്യ ബസുകളെ പൂര്‍ണമായി വാഹന നികുതിയില്‍ നിന്ന് ഒഴിവാക്കണം എന്നും ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടി.

ബസിന്റെ കാലാവധി 15 ല്‍ നിന്ന് 20 വര്‍ഷമാക്കി. ബസ് ഉടമകളുടെ മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാന്‍ വീണ്ടും യോഗം വിളിക്കും. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിശ്ചയിക്കാനും തീരുമാനമായി.