ജീവന്‍ വെടിഞ്ഞും ശബരിമലയില്‍ യുവതികള്‍ കയറുന്നത് തടയും; ആചാരലംഘനം നടന്നാല്‍ ആ നിമിഷം കേരളം നിശ്ചലമാകുമെന്നും കെ.പി. ശശികല

single-img
26 October 2018

വിശ്വാസികള്‍ ജീവന്‍ വെടിഞ്ഞിട്ടാണെങ്കിലും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയുമെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല. നവംബര്‍ അഞ്ചിന് ശബരിമല നട തുറന്നശേഷം പതിനെട്ടാംപടിയില്‍ ആചാരലംഘനം നടന്നാല്‍ ആനിമിഷം കേരളം നിശ്ചലമാകുമെന്നും ശബരിമല കര്‍മസമിതിയുടെ ധര്‍മസംഗമം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്ത് ശശികല പറഞ്ഞു.

സര്‍ക്കാരിന് തട്ടിക്കളിക്കാനുള്ള സംവിധാനമല്ല ശബരിമല. ദേവസം ബോര്‍ഡ് സര്‍ക്കാരിന്റെ ചട്ടുകമായി മാറിയിരിക്കുകയാണ്. ഇത്തരമൊരു ദേവസ്വം ബോര്‍ഡിനെ വിശ്വാസകള്‍ക്ക് ആവശ്യമില്ല. വിശ്വാസികളുടെ കാര്യം തീരുമാനിക്കാന്‍ വിശ്വാസികള്‍ക്ക് അറിയാം. ഈ സ്ഥിതിയാണെങ്കില്‍ ശബരിമലയിലും ദേവസ്വംബോര്‍ഡിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലും കാണിക്ക ഇടില്ലന്ന് വിശ്വാസികള്‍ തീരുമാനിക്കണമെന്നും ശശികല ആവശ്യപ്പെട്ടു.

ഇതുവരെ ഇടതുപക്ഷം ഭരിച്ചപ്പോഴൊന്നും ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ ആചാരപരിഷ്‌കരണത്തിന് എന്തുകൊണ്ട് മുന്നോട്ടുവന്നില്ല. ശബരിമലയില്‍ യുവതീപ്രവേശനത്തിനായി എസ്.എഫ്.ഐ.യോ ഡി.വൈ.എഫ്.ഐ.യോ എന്തുകൊണ്ട് സമരം നടത്തിയില്ല. ഇടതുമുന്നണി പ്രകടനപത്രികയില്‍ പരാമര്‍ശിക്കാത്ത ശബരിമലയിലെ യുവതീപ്രവേശനമാണ് കോടതിവിധിയുടെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.

സെന്‍കുമാറിന് ഡി.ജി.പി. സ്ഥാനം തിരികെ നല്‍കണമെന്ന കോടതിവിധി നടപ്പാക്കാന്‍ അമാന്തം കാണിച്ച സര്‍ക്കാരാണിത്. കോടതിയുടെ വിമര്‍ശനമുണ്ടായപ്പോള്‍ മാത്രമാണ് അത് നടപ്പാക്കിയത്. പാതയോരത്തെ മദ്യശാലകള്‍ക്കെതിരായ വിധി നടപ്പാക്കാനും സര്‍ക്കാരിന് താത്പര്യമുണ്ടായില്ല.

എന്നാല്‍ ശബരിമലയുടെ കാര്യത്തില്‍ അടുത്തദിവസം തന്നെ വിധി നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. ആചാരം പരിഷ്‌കരിക്കുന്നതിന് ആരും എതിരല്ല. അനാചാരം പരിഷ്‌കരിക്കുകയും ദുരാചാരം മാറ്റുകയും വേണം. തന്ത്രിയാണ് വിഗ്രഹഭാവവും ആചാരവും നിശ്ചയിക്കുന്നത്- അവര്‍ പറഞ്ഞു.