ശ്രീലങ്കയില്‍ ഭരണ അട്ടിമറി; മഹീന്ദ രജപക്സെ പുതിയ പ്രധാനമന്ത്രി

single-img
26 October 2018

ശ്രീലങ്കയിലെ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപാക്‌സെ നാടകീയ നീക്കത്തിലൂടെ രാജ്യത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് റെനില്‍ വിക്രമസിംഗെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണിത്. 2015 ല്‍ റെനില്‍ വിക്രമസിംഗെയുടെ പിന്തുണയോടെ മൈത്രിപാല സിരിസേന പ്രസിഡന്റായതോടെ രൂപംകൊണ്ട മുന്നണിയാണ് ഇതോടെ ഇല്ലാതായത്.

ശ്രീലങ്കയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ രജപക്ഷെ രൂപീകരിച്ച പുതിയ പാർട്ടി വൻ വിജയം നേടിയിരുന്നു. ഇതോടെയാണ് ശ്രീലങ്കൻ ഫ്രീഡം പാർട്ടിയും യുണൈറ്റഡ് നാഷനൽ പാർട്ടിയും ചേർന്നുള്ള സഖ്യകക്ഷി സർക്കാരിൽ അസ്വസ്ഥതകൾ രൂപംകൊണ്ടത്. ശ്രീലങ്കന്‍ സാമ്പത്തിക നയം മുതൽ ഭരണം വരെയുള്ള വിഷയങ്ങളിൽ സിരിസേനയും വിക്രമസിംഗെയും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിന്നതായും വിവരമുണ്ട്.

രാജപാക്‌സെയെ പ്രധാനമന്ത്രി ആക്കാനുള്ള നീക്കം ശ്രീലങ്കയില്‍ ഭരണഘടനാ പ്രതിസന്ധിക്ക് വഴിതെളിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഭരണഘടന അനുസരിച്ച് വ്യക്തമായ ഭൂരിപക്ഷം തെളിയിക്കാതെ പ്രധാനമന്ത്രിയെ പുറത്താക്കാനാവില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

രജപക്ഷെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങൾ രാജ്യാന്തര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പ്രസിഡന്‍റിന്‍റെ വസതിയിൽ നടന്ന ചടങ്ങിൽ മൈത്രിപാല സിരിസേനയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.