മീ ടൂ ഗൂഗിളിലും; ആന്‍ഡ്രോയിഡിന്‍റെ ഉപജ്ഞാതാവ് ഉള്‍പ്പെടെ 48 പേരെ പുറത്താക്കി

single-img
26 October 2018

ലൈംഗികാതിക്രമങ്ങളുടെ പേരില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗൂഗിള്‍ 48 ഉദ്യോഗസ്ഥരെ പുറത്താക്കിയതായി ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ. 13 സീനിയര്‍ മാനേജര്‍മാര്‍ അടക്കം 48 പേരെയാണ് പുറത്താക്കിയത്. ഇതില്‍ ആന്‍ഡ്രോയിഡിന്റെ ഉപജ്ഞാതാവ് ആന്‍ഡി റൂബിനും ഉള്‍പ്പെടുന്നുണ്ട്.

ലൈംഗികാതിക്രമത്തിന്റെ പേരില്‍ ആരോപണ വിധേയരായ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഗൂഗിള്‍ സംരക്ഷിക്കുന്നുവെന്നും കമ്പനിയില്‍ നിന്നും പുറത്തുപോവാന്‍ വന്‍തുക വാഗ്ദാനം ചെയ്തുവെന്നുമുള്ള ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ ജീവനക്കാര്‍ക്കയച്ച മെയിലില്‍ ലൈംഗികാരോപണത്തില്‍ ഗൂഗിളിന്റെ നിലപാട് വ്യക്തമാക്കിയത്.

ലൈംഗികാതിക്രമങ്ങള്‍ പരാതിപ്പെടാന്‍ പുതിയ സംവിധാനങ്ങള്‍ ഗൂഗിള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താതെ തന്നെ ജീവനക്കാര്‍ക്ക് പരാതിയറിയിക്കാനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളിന്റെ വൈസ് പ്രസിഡന്റ് എയ്‌ലീന്‍ നോട്ടനും ഇമെയില്‍ സന്ദേശത്തില്‍ ഒപ്പിട്ടിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ വിപണി മൂല്യത്തില്‍ മൂന്ന് ശതമാനംവരെ ഇടിവ് സംഭവിച്ചു.

എന്നാല്‍ റൂബിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹത്തിന്‍റെ വക്താവ് നിഷേധിച്ചു. 2014ല്‍ തന്നെ ഗൂഗിള്‍ വിടാന്‍ റൂബിന്‍ തീരുമാനിച്ചിരുന്നതായും മറ്റൊരു കമ്പനിയില്‍ ചേരുന്നതിനായി സ്വമേധയാ അദ്ദേഹം ഒഴിയുകയായിരുന്നെന്നും റൂബിന്‍റെ വക്തമാവ് സാം സിങര്‍ പറഞ്ഞു.