ശബരിമല സംഘര്‍ഷങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം 2061 ആയി; ജാമ്യം കിട്ടാന്‍ 13 ലക്ഷം രൂപ കെട്ടിവെക്കണം: വാഹനങ്ങള്‍ തടഞ്ഞ സ്ത്രീകള്‍ ഒളിവില്‍

single-img
26 October 2018

ശബരിമല സംഘര്‍ഷങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം 2061 ആയി. ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 452 കേസുകളാണ്. 700 പേരെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഇതുവരെ 1500 പേരെ ജാമ്യത്തില്‍ വിട്ടു. പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, വധശ്രമം, പൊലീസിന്റെ ജോലി തടസ്സപ്പെടുത്തല്‍, തുടങ്ങിയ വകുപ്പുകളില്‍ കേസെടുത്തവരെല്ലാം ഇപ്പോള്‍ റിമാന്‍ഡിലാണ്.

പത്തനംതിട്ട ജില്ലയില്‍ മാത്രം 74 പേരാണ് റിമാന്‍ഡ് തടവില്‍ ഉള്ളത്. ഇവരില്‍ അന്‍പതോളം പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തിട്ടുണ്ട്. പൊലീസുകാരുടേയും മാധ്യമങ്ങളുടേയും തീര്‍ത്ഥാടകരുടേയും വാഹനങ്ങള്‍ ആക്രമിച്ചവരെല്ലാം ഈ കേസില്‍ പ്രതികളാണ്.

കെഎസ്ആര്‍ടിസിക്ക് മാത്രം ഒന്നരകോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. ഏറ്റവും കുറഞ്ഞത് 13 ലക്ഷം രൂപയെങ്കിലും ജാമ്യം കെട്ടിവച്ചാല്‍ മാത്രമേ ഇവര്‍ക്കെല്ലാം ജാമ്യം കിട്ടൂ. നിലയ്ക്കലില്‍ പ്രക്ഷോഭകാരികള്‍ക്കൊപ്പം വാഹനങ്ങള്‍ തടയുകയും സ്ത്രീകളെ ആക്രമിക്കുകയും തടയുകയും ചെയ്ത പന്ത്രണ്ടോളം സ്ത്രീകള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇവരെല്ലാം ഇപ്പോള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തവരെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള തിരക്കിട്ട ജോലികളിലാണ് പൊലീസ്. ഒരു എസ്.പിയുടെ വാഹനത്തിന് നേരെ ചിലര്‍ നടത്തിയ കല്ലേറില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.

ഈ സംഭവത്തില്‍ ഉള്‍പ്പട്ടവരേയും ഇപ്പോള്‍ തിരിച്ചറിഞ്ഞുവെന്നാണ് സൂചന. വധശ്രമത്തിനടക്കം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പിടിയിലാകാനുള്ളവര്‍ക്കായി റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ നോട്ടിസ് നല്‍കി.

പിടിയിലായവരില്‍ ഏറെയും വിവിധ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നു പൊലീസ് പറഞ്ഞു. മണ്ഡലകാലത്തു യുവതികളെ തടയാനോ സംഘര്‍ഷമുണ്ടാക്കാനോ ധൈര്യപ്പെടാത്ത തരത്തില്‍ നടപടി വേണമെന്നാണു സര്‍ക്കാര്‍ ഡിജിപിക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.