ജാമ്യം ലഭിക്കണമെങ്കില്‍ 13 ലക്ഷം രൂപവരെ കെട്ടിവെക്കണം; ശബരിമല സമരക്കാര്‍ നെട്ടോട്ടത്തില്‍: നിയമ സഹായം എന്ന പേരില്‍ അയ്യപ്പന്റെ ചിത്രത്തോടൊപ്പം പ്രചരിച്ച നമ്പറില്‍ വിളച്ചപ്പോള്‍ കിട്ടിയത് പോലീസിനെയും

single-img
26 October 2018

ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട അറസ്റ്റ് രണ്ടായിരം കടന്നു. 482 കേസുകളിലായി ഇതുവരെ 2061 പേരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയവരെ ജയിലടച്ചു. ശബരിമലയിലെ അക്രമ സംഭവങ്ങളില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

അതേസമയം പൊലീസ് വാഹനങ്ങളും കെഎസ്ആര്‍ടിസി ബസുകളും മറ്റും തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്കു ജാമ്യം ലഭിക്കണമെങ്കില്‍ 10,000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ കെട്ടിവയ്ക്കണം. നിലയ്ക്കലില്‍ സന്നിധാനം സ്‌പെഷല്‍ ഓഫിസറായ എസ്പി അജിത്തിന്റെ വാഹനം കൊക്കയിലിട്ടവര്‍ക്കാണു 13 ലക്ഷം കെട്ടിവയ്‌ക്കേണ്ടത്.

ആകെ 9 പ്രതികളാണ് ഈ കേസിലുള്ളത്. നിലയ്ക്കല്‍ സംഘര്‍ഷങ്ങളില്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും വാഹനങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടിരുന്നു. ഈ കേസുകളിലെ പ്രതികളും എട്ടും ഒന്‍പതും ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടി വരും.

കോടതിയാണ് ഇവരുടെ ജാമ്യത്തുക നിശ്ചയിക്കുക. അറസ്റ്റിലായതില്‍ 1500 ഓളം പേര്‍ക്കു സ്റ്റേഷനില്‍നിന്നു ജാമ്യം ലഭിച്ചു. എന്നാല്‍ നിലയ്ക്കല്‍ സംഘര്‍ഷങ്ങളിലും വിവിധയിടങ്ങളില്‍ വാഹനം നശിപ്പിച്ച കേസുകളിലും പ്രതികളായവര്‍ക്കു കോടതി വഴിയാണു നടപടികള്‍. ഇത്തരത്തിലുള്ളവര്‍ക്കാണു ജാമ്യം ലഭിക്കാനായി പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ ജാമ്യത്തുക അടയ്‌ക്കേണ്ടി വരിക.

അതിനിടെ സൗജന്യ നിയമ സഹായം ആവശ്യമുള്ളവര്‍ വിളിക്കുക എന്ന പേരിലുള്ള പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതില്‍ നല്‍കിയിരിക്കുന്ന നമ്പറുകള്‍ പൊലീസ് ഉദ്യോഗസ്ഥരുടേതാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. ജനം ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നിയമ സഹായവേദി പത്തനംതിട്ടയുടെ പേരില്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ അയ്യപ്പ ഭക്തരെ കബളിപ്പിച്ച് പൊലീസ് വലയിലാക്കാനാണെന്ന് ജനം ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ത്ഥ വക്കീലന്‍മാരുടെ പേരിനൊപ്പം പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പരുകള്‍ ചേര്‍ത്താണ് കബളിപ്പിക്കല്‍ ശ്രമം നടക്കുന്നതെന്നാണ് ജനം ടിവിയുടെ റിപ്പോര്‍ട്ട്.