ശബരിമല അക്രമങ്ങളില്‍ നടപടി കര്‍ശനമാക്കി പോലീസ്; 210 ലേറെപ്പേര്‍ അറസ്റ്റില്‍; നാളെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് ബിജെപി

single-img
25 October 2018

സ്ത്രീ പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്ന് ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ അക്രമങ്ങളില്‍ വ്യാപക അറസ്റ്റ്. സംസ്ഥാന വ്യാപകമായി 210 ലേറെപ്പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാല് ദിവസത്തിനിടെ 170 പേര്‍ അറസ്റ്റിലായ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്.

കോഴിക്കോട് 31, എറണാകുളത്ത് 18, തിരുവനന്തപുരത്ത് 12ഉം പേരെ അറസ്റ്റ് ചെയ്തു. പാലക്കാട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലും അറസ്റ്റുണ്ട്. ശബരിമല സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആകെ 146 കേസുകളിലായി കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇവരുടെ ചിത്രങ്ങളടങ്ങിയ ആല്‍ബം തയാറാക്കി പ്രസിദ്ധീകരിച്ചതോടെയാണ് വിവിധ ജില്ലകളില്‍ അറസ്റ്റിന് കളമൊരുങ്ങിയത്. തുലാമാസപൂജ സമയത്തുണ്ടായ അതിക്രമങ്ങള്‍ മണ്ഡലകാലത്ത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പെന്ന നിലയില്‍ പരമാവധി പേരെ അറസ്റ്റ് ചെയ്യുകയെന്ന നിര്‍ദേശമാണ് ഡി.ജി.പി നല്‍കിയിരിക്കുന്നത്.

സംഘം ചേര്‍ന്നുളള അക്രമം, നിരോധനാജ്ഞ ലംഘിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ നിരവധി കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സന്നിധാനത്ത് സ്ത്രീകളെ തടഞ്ഞവര്‍ക്കെതിരെയും കേസെടുക്കുന്നുണ്ട്. ഇതിനായി പത്തനംതിട്ട പോലീസ് ശബരിമലയില്‍ ക്യാമ്പ് ചെയ്ത് നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ പൊലീസ് നടപടിയെ പ്രതിരോധിച്ച് ബി.ജെ.പി രംഗത്തെത്തി. പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി അറിയിച്ചു. നാളെ പത്തനംതിട്ടയില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താനും തീരുമാനിച്ചു. ഐ.ജിമാരായ മനോജ് എബ്രഹാമിനും എസ്. ശ്രീജിത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതിയും നല്‍കി.