Latest News

ഇനി 10 ദിവസം കൂടി നമ്മുടെ മുന്നിലുണ്ട്; ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടാലും ശക്തമായി മുന്നോട്ട് പോകണം; നവംബര്‍ 5ന് തന്നെ എല്ലാവരും ശബരിമലയില്‍ എത്തിച്ചേരണം; രാഹുല്‍ ഈശ്വറിന്റെ വീഡിയോ പുറത്ത്

രക്തം ഇറ്റിച്ച് ശബരിമല നട അടയ്ക്കാന്‍ പദ്ധതിയിട്ടെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് അയ്യപ്പ ധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. 20 പേര്‍ ഇതിനു തയാറായി നില്‍ക്കുന്നുവെന്നു താന്‍ അറിഞ്ഞിരുന്നു. ഇവരോട് അങ്ങനെ ചെയ്യരുതെന്നാണു പറഞ്ഞത്.

വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കി വീണ്ടും അറസ്റ്റു ചെയ്യാനാണു നീക്കമെന്നും രാഹുല്‍ ആരോപിച്ചു. ഇനി 10 ദിവസം കൂടി നമ്മുടെ മുന്നിലുണ്ട്. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടാലും ശക്തമായി മുന്നോട്ട് പോകണം. ഒരു കാരണവശാലും ഫെമിനിച്ചികളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുത്. നവംബര്‍ 5ന് തന്നെ എല്ലാവരും ശബരിമലയില്‍ എത്തിച്ചേരണമെന്നും സമൂഹമാധ്യത്തിലിട്ട ലൈവ് വിഡിയോയിലൂടെ രാഹുല്‍ പറയുന്നു.

Posted by Rahul Easwar on Thursday, October 25, 2018

നേരത്തെ രാഹുല്‍ ഈശ്വറിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. യുദ്ധം നടത്തുന്നതു പോലെ പ്ലാന്‍ എ, പ്ലാന്‍ ബി, എന്നിങ്ങനെ പദ്ധതിയുണ്ടാക്കിയെന്നാണ് രാഹുല്‍ വെളിപ്പെടുത്തിയത്. പ്രായോഗികമായി കലാപമുണ്ടാക്കാന്‍ പ്ലാന്‍ ചെയ്തിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞതെന്നും കടകംപള്ളി പറഞ്ഞു.

നാമജപ യാത്ര നടത്തുന്ന ശുദ്ധമനസുള്ളവര്‍ രാഹുലിനെപോലെയുള്ളവരുടെ ദുഷ്പ്രവര്‍ത്തിയെക്കുറിച്ചു ചിന്തിക്കണം. ഗൗരവമായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ചോര വീഴ്ത്താന്‍ എന്തെല്ലാം പദ്ധതികളാണ് ഇവര്‍ ആസൂത്രണം ചെയ്തതെന്നു കണ്ടെത്താന്‍ സര്‍ക്കാരിനു ബാധ്യത വന്നിരിക്കുകയാണ്.

ശബരിമല വിഷയത്തില്‍ പ്രതിഷേധങ്ങള്‍ വസ്തുതകള്‍ മനസിലാക്കാതെയാണ്. സുപ്രീം കോടതി വിധിക്കു കാരണമായ കേസ് നല്‍കിയത് ആരാണെന്നു പ്രതിഷേധക്കാര്‍ പരിശോധിക്കണം. വിധി എങ്ങനെയായിരുന്നാലും നടപ്പാക്കേണ്ട ബാധ്യതയുണ്ട്. വിധി വന്നപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പടെ എല്ലാവരും അതിനെ സ്വാഗതം ചെയ്തു. വിശ്വാസികള്‍ എതിര്‍ത്തു രംഗത്തു വന്നപ്പോള്‍ ദേശീയ പാര്‍ട്ടികള്‍ നിലപാടു മാറ്റി. ഇത് ഉപയോഗപ്പെടുത്തേണ്ട അവസരമാണെന്നു തിരിച്ചറിഞ്ഞാണ് ഇവര്‍ നിലപാടുമാറ്റിയത്.

സര്‍ക്കാര്‍ എന്തു തെറ്റാണു ചെയ്തതെന്നു മുദ്രാവാക്യം വിളിക്കുന്നവര്‍ പറയണം. സുപ്രീം കോടതി വിധി രാജ്യത്തെ സകലര്‍ക്കും ബാധകമാണ്. വിധി നടപ്പിലാക്കണോ വേണ്ടയോ എന്ന ചോദ്യത്തിന് ഇവര്‍ക്കൊന്നും മറുപടിയുണ്ടായില്ലായിരുന്നു. യഥാര്‍ഥ വിശ്വാസികളുടെ വിശ്വാസത്തെ ഞങ്ങള്‍ മാനിക്കുന്നുണ്ട്. നമ്മളുടെ നാട് എന്തെല്ലാം അനാചാരങ്ങളെ അതിജീവിച്ചു മുന്നോട്ടു വന്ന നാടാണ്? ഇന്നു കാണുന്ന കേരളം എങ്ങനെയാണുണ്ടായത് എന്ന് എല്ലാവര്‍ക്കും അറിയാം.

ഹിന്ദുക്കളില്‍ മഹാ ഭൂരിപക്ഷത്തിനു ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്ന നാടാണ് ഇത്. ക്ഷേത്ര പ്രവേശന വിളമ്പരം ഉണ്ടായിട്ടും ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനായില്ല. എട്ടിലധികം വര്‍ഷത്തിനു ശേഷമാണ് പലര്‍ക്കും അതിന് അവകാശമുണ്ടായത്.

മാറു മറയ്ക്കാന്‍ പോലും അവകാശമില്ലാത്തൊരു കാലം നമുക്കുണ്ടായിരുന്നു. സതി നടന്ന നാടാണിത്. ഇതെല്ലാം ആചാരമെന്നാണു കരുതിയിരുന്നത്. ഇങ്ങനെ ഒരുപാടു വഴികള്‍ താണ്ടിയാണു നമ്മള്‍ ഇവിടെയെത്തിയത്. മാറ്റത്തിന്റെ പേരു പറഞ്ഞു കലാപമുണ്ടാക്കാന്‍ നടത്തുന്ന പരിശ്രമത്തെ എന്തു വിലകൊടുത്തും തോല്‍പ്പിക്കാന്‍ ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.