ദുല്‍ഖറിന് കൈകഴുകാം; ഞങ്ങള്‍ക്ക് അത് പറ്റില്ല; രൂക്ഷ വിമര്‍ശനവുമായി റിമ കല്ലിങ്കല്‍

single-img
23 October 2018

ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കണം എന്ന ഉറച്ച ബോധ്യത്തില്‍ നിന്നുമാണ് ഡബ്ലിയുസിസി എന്ന സംഘടന ആരംഭിച്ചതെന്നും ദുല്‍ഖര്‍ സല്‍മാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നില്‍ക്കാന്‍ ഇല്ലെന്നു പറഞ്ഞു കൈ കഴുകാന്‍ തങ്ങള്‍ക്കാകില്ലെന്നും നടി റിമ കല്ലിങ്കല്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് റിമയുടെ പ്രതികരണം.

ആരെയും ദ്രോഹിക്കാന്‍ അല്ല ഈ സംഘടന ഞങ്ങള്‍ തുടങ്ങിയത്. ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേട്ടക്കാരായ മറ്റു പലരെയും എതിര്‍ക്കേണ്ടി വരും. ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞപോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.

ദുല്‍ഖറിനിങ്ങനെ പറഞ്ഞ് കൈ കഴുകാന്‍ പറ്റുമായിരിക്കും. പക്ഷെ ഞങ്ങള്‍ക്കത് പറ്റില്ല. അതിനു കൂടെ നില്‍ക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം – റിമ തുറന്നുപറഞ്ഞു. ഹിന്ദി സിനിമയുടെ പ്രചാരണത്തിനിടെ ഒരു ദേശീയ ചാനലില്‍ നല്‍കിയ പ്രതികരണം സംബന്ധിച്ച ചോദ്യത്തോടാണ് റിമ ഇങ്ങനെ പറഞ്ഞത്.

താന്‍ അമ്മ എക്‌സിക്യുട്ടിവ് അംഗമല്ലെന്നും അതിനാല്‍ ദിലീപ് വിഷയത്തില്‍ മറുപടി പറയേണ്ടതില്ലെന്നും ആയിരുന്നു താരത്തിന്റെ പ്രതികരണം. ആദ്യഘട്ടത്തില്‍ സജീവമായി ഉണ്ടായിരുന്ന മഞ്ജു വാര്യര്‍ ഇപ്പോഴും ആക്രമിക്കപ്പെട്ട നടിയോടൊപ്പം ഉണ്ടോ എന്ന ചോദ്യത്തിന് റിമയുടെ മറുപടി ഇതായിരുന്നു: അവളോടൊപ്പം എന്ന നിലപാടിനൊപ്പം അവരും ഉണ്ട്.

പക്ഷെ ഡബ്ല്യുസിസി എന്ന സംഘടന ഒരുപാട് കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോള്‍ വലിയൊരു പവര്‍ സ്ട്രക്ച്ചറിനെയാണ് എതിര്‍ക്കേണ്ടി വരുന്നത്. പലര്‍ക്കുമെതിരെ നില്‍ക്കേണ്ടി വരും. അപ്പോള്‍ അതിന്റെ ഭാഗമാകാന്‍ അവര്‍ക്കു താല്‍പ്പര്യമില്ലായിരിക്കും.