അർണബ് ഗോസ്വാമിക്കെതിരേ കണ്ണൂരിൽ കേസ്

single-img
23 October 2018

കേരളീയരെ നാണംകെട്ടവരെന്നു വിളിച്ച് അപമാനിച്ചതായി ആരോപിച്ച് ടെലിവിഷൻ അവതാരകൻ അർണബ് ഗോസ്വാമിക്കെതിരേ കേസ്. സി.പി.എം. കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി.ശശിയാണ് കണ്ണൂരിലെ പീപ്പിൾസ് ലോ ഫൗണ്ടേഷന്റെ ചെയർമാനെന്ന നിലയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്) കോടതിയിൽ കേസ് ഫയൽ ചെയ്തത്.

പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് യു.എ.ഇ.യിൽനിന്ന് 700 കോടി രൂപ സഹായധനമായി ലഭിക്കുമെന്ന വാർത്തയുമായി ബന്ധപ്പെട്ട വിവാദത്തിൽ റിപ്പബ്ലിക് ടി.വി. ചാനലിൽ അർണബ് ഗോസ്വാമി അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് പരാതി. യു.എ.ഇ. സഹായധനം വാഗ്ദാനം ചെയ്തുവെന്നും അതിനവരെ അഭിനന്ദിക്കുന്നുവെന്നും ഓഗസ്റ്റ് 18-ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നുവെന്ന് പി.ശശി നൽകിയ പരാതിയിൽ പറയുന്നു.

എന്നാൽ പിന്നീട് വിദേശത്തുനിന്നുള്ള സഹായം വേണ്ടെന്ന് കേന്ദ്രസർക്കാർ നിലപാടെടുത്തു. ഇതുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ചാനലിൽ നടന്ന ചർച്ചയിലാണ് അവതാരകനായ അർണബ് കേരളീയരെ നാണംകെട്ടവരെന്ന് ആക്ഷേപിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും 10 കോടി രൂപ കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിഴയായി ഒടുക്കണമെന്നും കാണിച്ച് വക്കീൽനോട്ടീസയച്ചിരുന്നു.

തൻറെ പരാമർശം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ചാനലിൽ ഈ വിഷയത്തിൽ നടത്തിയ പരാമർശങ്ങളിൽ പിശകില്ലെന്നും കാണിച്ച് അർണബ് വക്കീൽനോട്ടീസിന് മറുപടി നൽകിയിരുന്നു. ഇതേത്തുടർന്നാണ് അഡ്വ. വി.ജയകൃഷ്ണൻ മുഖേന കോടതിയെ സമീപിച്ചത്. മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസുൾപ്പെടെയുള്ളവരാണ് സാക്ഷികൾ. കേസിൽ നവംമ്പർ ഏഴിന് ഹർജിക്കാരനിൽനിന്നു തെളിവെടുക്കും.