രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടില്ലെന്ന് പി. ചിദംബരം

single-img
22 October 2018

2019ലെ പൊതു തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെയോ മറ്റേതെങ്കിലും നേതാവിനെയോ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍.

ബിജെപിയെ പുറത്താക്കി പുരോഗമനപരമായി ചിന്തിക്കുകയും വ്യക്തിസ്വാതന്ത്ര്യം മാനിക്കുകയും നികുതികൊള്ള നടത്താതിരിക്കുകയും വനിതകളെയും കുട്ടികളെയും സംരക്ഷിക്കുകയും കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പുതിയ സര്‍ക്കാര്‍ പകരം വരുന്നുവെന്ന് ഉറപ്പാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

രാഹുല്‍ പ്രധാനമന്ത്രിയാകണമെന്നു കോണ്‍ഗ്രസ് ഒരിക്കലും പറഞ്ഞിട്ടില്ല. ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ത്തന്നെ പാര്‍ട്ടി ഇടപെട്ട് അതു തിരുത്തിയിരുന്നതായും ചിദംബരം ചൂണ്ടിക്കാട്ടി. ബിജെപിക്കെതിരായ വിശാല സഖ്യം വേണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും തിരഞ്ഞെടുപ്പിനു ശേഷം സഖ്യകക്ഷികള്‍ ചേര്‍ന്നു പ്രധാനമന്ത്രിയെ തീരുമാനിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ചയില്‍ വലിയ തോതിലുള്ള വര്‍ധനവുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സംയുക്ത വോട്ടു വിഹിതം അമ്പതു ശതമാനത്തില്‍ താഴെയായി മാറി. പ്രാദേശിക കക്ഷികള്‍ കോണ്‍ഗ്രസിനൊപ്പം ചേരുന്നതു തടയാന്‍ ബിജെപി ഭീഷണി തന്ത്രം പുറത്തെടുക്കുകയാണെന്ന് ആരോപിച്ച ചിദംബരം, മോദി സര്‍ക്കാര്‍ കാവല്‍ മന്ത്രിസഭയാകുകയും സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ് ശക്തമായ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നതോടെ ചിത്രം മാറുമെന്ന വിശ്വാസം പങ്കുവച്ചു.