യുഎഇയില്‍ പോയത് യാചിയ്ക്കാനല്ല; കേരളത്തിന്റെ പുരോഗതിയില്‍ ബിജെപി ഒരുപങ്കും വഹിച്ചിട്ടില്ല; പ്രധാനമന്ത്രി പറഞ്ഞാല്‍ പോലും കാര്യങ്ങള്‍ നടക്കാത്ത സാഹചര്യം; വാര്‍ത്താ സമ്മേളനത്തില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി

single-img
22 October 2018

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുട്ടാപ്പോക്ക് നിലപാട് സ്വീകരിക്കേണ്ട സംവിധാനമല്ല കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി ഉറപ്പുനല്‍കിയകാര്യം പോലും നടക്കാത്ത സ്ഥിതിയാണ് ഇപ്പോള്‍.

ഇത് സംസ്ഥാനത്തിനെതിരായ നീക്കമാണ്. കേരളത്തോട് എന്താണ് പ്രത്യേകനിലപാട് ? ‘ബിജെപി കേരളത്തെ തകര്‍ക്കുകയാണ്. കേരളത്തിന്റെ പുരോഗതിയില്‍ ബിജെപി ഒരുപങ്കും വഹിച്ചിട്ടില്ല. ഇവിടത്തെ ബിജെപി നേതാക്കള്‍ കേരളത്തെ തകര്‍ക്കുന്ന സമീപനമെടുത്തതില്‍ അത്ഭുതമില്ല.

കേന്ദ്രനിലപാട് വെല്ലുവിളിയായി സ്വീകരിച്ച് നവകേരളനിര്‍മാണം നടപ്പാക്കും. വിദേശത്തു പോയത് യാചന നടത്താനല്ല. മലയാളി സഹോദരങ്ങളെ കാണാനാണ്. നാടിന്റെ പുനര്‍നിര്‍മാണത്തിന് സഹായിക്കാന്‍ അവര്‍ തയാറാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദുരന്തങ്ങളില്‍ വിദേശസഹായം തേടിയിട്ടുണ്ടെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

മന്ത്രിമാര്‍ക്ക് വിദേശത്ത് പോകാന്‍ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയാണ് അവസാന നിമിഷംവരെ ഉണ്ടായിരുന്നത്. ആ നിലയ്ക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ അനുമതി ലഭിച്ചില്ല. വിദേശത്ത് പോകുന്നതിനെ ചില ബിജെപി നേതാക്കള്‍ വിമര്‍ശിച്ചുകണ്ടു. നമ്മളെല്ലാം നമ്മളായത് ഈ നാടിന്റെ പങ്കാളിത്തത്തോടെയാണ്. പ്രളയം മൂലം ആ നാടിനാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്. അതിനെ മറികടക്കുന്നതിനാണ് നമ്മുടെ സഹോദരങ്ങളെ മന്ത്രി എന്ന നിലയില്‍ കാണാന്‍ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഎഇ സന്ദര്‍ശനം വമ്പിച്ച വിജയമായിരുന്നു. പ്രോത്സാഹനജനകമായ പ്രതികരണമാണ് യുഎഇയില്‍ നിന്ന് ലഭിച്ചത്. ഒട്ടേറെ മേഖലകളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് പലരും മുന്നോട്ടുവന്നിട്ടുണ്ട്. വിഭവസമാഹരണത്തിന് വിവിധ സംഘടനകള്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. എല്ലാ എമിറേറ്റുകളില്‍നിന്നുമായി ആയിരക്കണക്കിന് മലയാളികളാണ് പൊതുയോഗങ്ങളില്‍ സംബന്ധിച്ചത്. നൂറുകണക്കിനാളുകള്‍ യോഗ സ്ഥലത്തുവെച്ചുതന്നെ സഹായങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.