മലപ്പുറത്ത് പ്ലസ്ടു വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം: അധ്യാപകന്‍ ഉള്‍പ്പെടെ 6 പേര്‍ പിടിയില്‍; 3 പ്രവാസികള്‍ക്കെതിരെയും അന്വേഷണം

single-img
22 October 2018

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന സംഘം പൊലീസ് വലയില്‍. അധ്യാപകന്‍ ഉള്‍പ്പെടെ 6 പേര്‍ പിടിയിലായി. 5 ആണ്‍കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്തിലധികം പേര്‍ക്കെതിരെ ആകെ 13 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

ഗുരുതര ലൈംഗിക കുറ്റകൃത്യത്തിനെതിരെയുള്ള പോക്‌സോ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. ഒരു കേസില്‍ ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. ഫെയ്‌സ്ബുക് മെസഞ്ചര്‍ വഴി കുട്ടികള്‍ക്ക് അശ്ലീലദൃശ്യങ്ങള്‍ അയച്ച 3 പ്രവാസികള്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

കൊണ്ടോട്ടി, മഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് സംഭവം. വിദ്യാര്‍ഥികളിലൊരാള്‍ വീട്ടില്‍ അസ്വാഭാവികമായി പെരുമാറുകയും വൈകിയെത്തുകയും ചെയ്യുന്നത് ശ്രദ്ധിച്ച വീട്ടുകാരുടെ ജാഗ്രതയാണ് സംഭവം പുറത്തെത്തിച്ചത്. ലഹരിവില്‍പന തടയുന്നതിന് നാട്ടുകാര്‍ രൂപവല്‍ക്കരിച്ച ജാഗ്രതാസമിതിയുടെ ഇടപെടലും നിര്‍ണായകമായി. അവര്‍ നല്‍കിയ വിവരം അനുസരിച്ച് ചൈല്‍ഡ്‌ലൈന്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് കുട്ടികള്‍ പീഡനവിവരം തുറന്നുപറഞ്ഞത്.

പഠനത്തില്‍ മികവുപുലര്‍ത്തിയിരുന്നവരാണ് മിക്കവരും. പ്രതികള്‍ മുങ്ങുമെന്നു സൂചനയുണ്ടായിരുന്നതിനാല്‍ ഒരാഴ്ചയെടുത്താണ് 6 പേരെ വലയിലാക്കിയത്. മുക്കം സ്വദേശി മോഹന്‍ദാസ് (35), മഞ്ചേരി സ്വദേശി അലവി (51) എന്നിവരെയാണ് ഒടുവില്‍ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു. പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും വിവിധസ്ഥലങ്ങളില്‍ എത്തിച്ചായിരുന്നു പീഡനമെന്നാണ് കുട്ടികളുടെ മൊഴി.