കൂട്ടബലാത്സംഗം; രക്ഷതേടി 23 വയസുകാരി മൂന്നുനില കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി

single-img
21 October 2018

ജയ്പൂര്‍: കൂട്ടബലാത്സംഗത്തില്‍നിന്ന് രക്ഷപ്പെടാനായി യുവതി മൂന്നുനില കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ലോകേഷ് സൈനി(19), കമാല്‍ സൈനി(24) എന്നിവരാണ് പിടിയിലായത്.

നേപ്പാള്‍ സ്വദേശിനിയായ 23 വയസുകാരിയാണ് ജയ്പൂര്‍ മുഹാനയിലെ കെട്ടിടത്തില്‍വച്ച്‌ കൂട്ടബലാത്സംഗത്തിനിരയായത്. വെള്ളിയാഴ്ച രാത്രിമുതല്‍ ശനിയാഴ്ച രാവിലെ വരെ രണ്ടുപ്രതികളും യുവതിയെ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ഉപദ്രവം തുടര്‍ന്നതോടെ രക്ഷപ്പെടാന്‍ വേണ്ടിയാണ് യുവതി മൂന്നുനില കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയത്. നഗ്നയായ നിലയിലാണ് യുവതിയെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. വീഴ്ചയില്‍ പരിക്കേറ്റ യുവതി ജയ്പൂരിയ ആശുപത്രിയില്‍ ചികിത്സയിലാണ്.