പ്രധാനമന്ത്രി വാക്ക് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി; ‘വാക്കിന് വിലയില്ലാത്തവര്‍ ഏത് പദവിയിലിരുന്നിട്ടും കാര്യമില്ല’

single-img
20 October 2018

ദുബൈയിൽ നടന്ന പൊതുപരിപാടിയില്‍
മോദിക്കും കേന്ദ്ര സർക്കാറിനുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് സഹായം സ്വരൂപിക്കാന്‍ മന്ത്രിമാരുടെ വിദേശയാത്രക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കാല്‍ അനുമതി നല്‍കിയിരുന്നെന്നും എന്നാല്‍ പറഞ്ഞവാക്ക് പ്രധാനമന്ത്രി പാലിച്ചില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. നവ കേരള നിര്‍മ്മാണത്തിനായി പിന്തുണ തേടി ദുബായ് അല്‍ നാസര്‍ ലീഷര്‍ ലാന്‍ഡില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയെ നേരിട്ട് കണ്ടാണ് മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി തേടിയത്. ലോകത്തെങ്ങുമുള്ള പ്രവാസി മലയാളികളെ നേരിട്ട് കണ്ട് സഹായം തേടാമെന്നാണ് പ്രധാനമന്ത്രിയോട് പറഞ്ഞത്. ഇക്കാര്യങ്ങളോട് അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി ചാരിറ്റി സംഘടനകളെയും കാണാമെന്നു പറഞ്ഞു. എന്നാല്‍ പിന്നീട് മന്ത്രിമാരുടെ യാത്രക്ക് അനുമതി നിഷേധിച്ചു. ഇത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല.

പ്രളയദുരന്തത്തില്‍ കേരളത്തെ സഹായിക്കാന്‍ പലരാജ്യങ്ങളും സ്വയമേവ തയ്യാറായിട്ടും ആ സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ല. പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് ദുരന്തത്തില്‍ വിദേശസഹായം വാങ്ങിയിരുന്നു. എന്നാല്‍ നമ്മുടെ കാര്യം വന്നപ്പോള്‍ നമുക്കാര്‍ക്കും മനസ്സിലാകാത്ത നിലപാട്‌സ്വീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.

കേരളം ആരുടെ മുന്നിലും തോല്‍ക്കാന്‍ തയ്യാറല്ല. നമുക്ക് നമ്മുടെ നാട് പുനര്‍നിര്‍മ്മിച്ചേ മതിയാകൂ. നവകേരളം സൃഷ്ടിക്കുന്നത് തടയാമെന്ന് ആരും കരുതേണ്ട. പ്രവാസി മലയാളികള്‍ നമ്മുടെ നാടിന്റെ കരുത്താണ്. അവരില്‍ വലിയ വിശ്വാസമുണ്ട്. എല്ലാ പ്രവാസികളും നാടിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകണം- പിണറായി പറഞ്ഞു.

ദുബൈ അൽനാസർ ലിഷർലാൻറിലെ വേദിയിൽ വലിയ ആവേശത്തോടെയാണ് മലയാളികൾ മുഖ്യമന്ത്രിയുടെ പ്രസംഗം സ്വീകരിച്ചത്. എം.എ യൂസുഫലി, ഡോ. ആസാദ് മൂപ്പൻ എന്നിവരും സന്നിഹിതരായിരുന്നു.